പൊൻചാട്ടം; ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സില്‍ മലയാളി താരം ആൻസി സോജന് സ്വർണം

റാഞ്ചി: ലോങ് ജന്പിൽ തകർപ്പൻ പ്രകടനത്തോടെ മലയാളി താരം ആൻസി സോജന് സ്വർണം. റാഞ്ചിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ് വനിതകളുടെ ലോങ്‌ജന്പിൽ ആൻസി റെക്കോഡിട്ടു. 6.75 മീറ്റർ ചാടിയാണ് നേട്ടം. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ഒഡിഷയുടെ അനിമേഷ് കുജൂർ ദേശീയ റെക്കോഡ് സ്വന്തമാക്കി. കോമൺവെൽത്ത് ഗെയിംസിനും യോഗ്യത നേടി. 10.15 സെക്കൻഡിലാണ് നേട്ടം. ഗുരീന്ദർവീർ സിങ്ങും (10.17) നിലവിലെ ദേശീയ റെക്കോഡ് സമയത്തെ മറികടന്നു. കുജൂറിന്റെ പേരിൽതന്നെയായിരുന്നു (10.18) റെക്കോഡുണ്ടായിരുന്നത്.
വനിതകളുടെ ഡിസ്‌കസ് ത്രോയിൽ മലയാളി താരം കൃഷ്‌ണ ജയശങ്കർ വെങ്കലം നേടി. കഴിഞ്ഞ വർഷം കൊച്ചിയിൽ ശൈലി സിങ് ചാടിയ 6.64 മീറ്റർ ദൂരമാണ് ആൻസി മറികടന്നത്. നേവിക്കായി കളത്തിലിറങ്ങിയ ഇരുപത്തഞ്ചുകാരി അഞ്ചാമത്തെ ചാട്ടത്തിലാണ് സ്വർണദൂരം കുറിച്ചത്. 6.47, 6.56, 6.69, 6.75, 6.68, 6.57 എന്നിങ്ങനെ സ്ഥിരതയുള്ള പ്രകടനമാണ് റാഞ്ചിയിൽ പുറത്തെടുത്തത്. അഞ്‌ജു ബോബി ജോർജിന്റെ ശിഷ്യയായ ശൈലി 6.58 മീറ്ററിൽ വെള്ളി നേടി.
ഇന്ത്യൻ വനിതാ ലോങ് ജന്പ് ചരിത്രത്തിലെ മികച്ച മൂന്നാമത്തെ ചാട്ടമാണ് തൃശൂർ നാട്ടിക സ്വദേശിയായ ആൻസിയുടേത്. അഞ്‌ജു (6.83), ശൈലി (6.76) എന്നിവരാണ് മുന്നിലുള്ളത്. കോമൺവെൽത്ത് ഗെയിംസ് യോഗ്യതാ മാർക്ക് മറികടക്കാനായില്ല. ഇന്ന് പത്ത് ഫൈനലുകളാണ്.










0 comments