print edition പത്താം നമ്പറിൽ ആര്... അർജന്റീന ഫുട്‌ബോൾ പുതിയ യുഗത്തിലേക്ക്

photo credit: Selección Argentina
ബ്യൂണസ് ഐറിസ് : ലയണൽ മെസി വിരമിച്ചതിനുപിന്നാലെ അർജന്റീന ഫുട്‌ബോളിലെ പുതിയ പത്താം നമ്പറുകാരനായുള്ള കാത്തിരിപ്പാണ്. എൺസോ ഫെർണാണ്ടസ്, അലെക്‌സിസ് മക് അല്ലിസ്‌റ്റർ എന്നീ പരിചയസമ്പന്നർക്കൊപ്പം നിക്കോ പാസ് എന്ന ഇരുപത്തൊന്നുകാരനെയാണ് പത്താം നമ്പർ കുപ്പായത്തിലേക്കായി അർജന്റീന കാണുന്നത്.
ഇതിൽ നിക്കോയെയാണ് പരിശീലകൻ ലയണൽ സ്‌കലോണിക്ക് താൽപര്യം. സ്‌കലോണിയുടെ കരാർ ഇൗ വർഷം ഡിസംബറിലാണ് അവസാനിക്കുന്നത്. തുടരുന്ന കാര്യത്തിൽ കോച്ച് സൂചന നൽകിയിട്ടില്ല. അതേസമയം, അർജന്റീന ഫുട്‌ബോൾ ഫെഡറേഷൻ മറ്റൊരാളെ പകരം കാണുന്നുമില്ല. സ്‌കലോണി തുടരുമെന്നാണ് ഫെഡറേഷന്റെ പ്രതീക്ഷ.
മെസിക്കുശേഷമുള്ള ഫുട്‌ബോൾ കാലത്തിലേക്ക് അർജന്റീന തയ്യാറെടുക്കുകയാണ്. ഇൗ മാസം അവസാനവും ഒക്‌ടോബർ ആദ്യ വാരത്തിലുമാണ് സൗഹൃദ മത്സരങ്ങൾ നിശ്‌ചയിച്ചിട്ടുള്ളത്. എതിരാളികളായിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിൽ കടന്ന അർജന്റീന ടീമിന്റെ ഭാഗമായിരുന്നു നിക്കോ. ദേശീയ ടീമിനായി 2024ലായിരുന്നു അരങ്ങേറ്റം. ആകെ 11 കളിയിൽ ഒരു ഗോൾ നേടി. ഇറ്റാലിയൻ ക്ലബ് കോമോയ്‌ക്കായി തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. റയൽ മാഡ്രിഡിനായി നാല് കളിയിൽ മധ്യനിരക്കാരനായ നിക്കോ ഇറങ്ങിയിട്ടുണ്ട്.
മെസിയും ദ്യേഗോ മാറഡോണയുമല്ലാതെ ഏരിയൽ ഒർട്ടേഗ, യുവാൻ റോമൻ റിക്വൽമി, മാഴ്‌സെലോ ഗല്ലാർഡോ എന്നിവരാണ് വിഖ്യാതമായ പത്താം നന്പർ ജഴ്‌സിയണിഞ്ഞ മറ്റ് പ്രധാന താരങ്ങൾ. മെസി 17 വർഷം പത്താം നന്പറിൽ പന്ത് തട്ടി.










0 comments