Deshabhimani

print edition നാടകീയം കൊമ്പൻസ്‌

kombans fc
വെബ് ഡെസ്ക്

Published on Oct 12, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സ്വന്തംതട്ടകത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തിരുവനന്തപുരം കൊമ്പൻസിന്‌ നാടകീയ ജയം. മലപ്പുറം എഫ്‌സിയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ മറികടന്നു. 90 മിനിറ്റ്‌ വരെ 2–0ന്‌ പിന്നിലായിരുന്നു. പരിക്കുസമയം രണ്ട്‌ ഗോളടിച്ച്‌ സമനില പിടിച്ചു. പിന്നാലെ ഷൂട്ട‍ൗട്ടിൽ ജയവും നേടി. രണ്ട്‌ കിക്കുകൾ തടുത്തിട്ട കൊമ്പൻസ്‌ ഗോൾകീപ്പർ സത്യജിത്‌ ബോർദോലോയാണ്‌ വിജയശിൽപ്പി. മൂന്ന് മത്സരം പൂർത്തിയായപ്പോൾ നാല്‌ പോയിന്റുമായി കൊമ്പൻസ് നാലാമതും രണ്ട് പോയിന്റുള്ള മലപ്പുറം അഞ്ചമതുമാണ്‌.


തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മലപ്പുറത്തിനായിരുന്നു ആധിപത്യം. അമദു സുക്കൂനയിലൂടെയും മുഹമ്മദ് റിസ്വാനിലൂടെയും ഇരട്ടഗോൾ ലീഡ്‌ നേടി. 14–ാം മിനിറ്റിൽ ഒന്നാന്തരം ബൈസിക്കിൾ കിക്കിലൂടെയായിരുന്നു സുക്കൂനയുടെ ഗോൾ. 64–ാം മിനിറ്റിൽ പകരക്കാരനായെത്തിയ റിസ്വാൻ ലക്ഷ്യം കണ്ടു. ജയമുറപ്പിച്ച്‌ കളിയവാനിപ്പിക്കാനിരിക്കെയാണ്‌ സമനില ഗോളുകൾ വന്നത്‌. പരിക്കുസമയം ജോസഫ് ഗോർഡനും തടായു ഇമോസും മലപ്പുറത്തെ ഞെട്ടിച്ചു.


ഷൂട്ടൗട്ടിൽ മലപ്പുറത്തിന്റെ അബ്ദുൽ സമദ്, ലാലൻപൂയ എന്നിവരുടെ കിക്കുകളാണ്‌ സത്യജിത്‌ തടുത്തിട്ടത്‌. പാട്രിക് മോട്ട, കിയാത്തലുവ തദേവു എമോസ്, ജോസഫ് ഗോർഡൻ, ജോ പരെദെസ് എന്നിവർ ഗോൾ നേടി. മലപ്പുറത്തിനായി നെദീം ഹാദ്സിക്, അബ്ദുൾ ഹക്കു എന്നിവർക്കേ ലക്ഷ്യം കാണാനായുള്ളൂ. നാലാം റൗണ്ടിലെ 16ന്‌ ഫോഴ്‌സ കൊച്ചിയുമായാണ്‌ കൊമ്പൻസിന്റെ അടുത്ത മത്സരം. കൊച്ചിയാണ്‌ വേദി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home