ഒരുങ്ങി ടീം ഇന്ത്യ; ആദ്യം പാനമ കടക്കണം

രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി . ബംഗളൂരു ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ടീം പരിശീലനത്തിൽ|ഫോട്ടോ: ശരത് കൽപ്പാത്തി
അജിൻ ജി രാജ്
Published on Sep 24, 2026, 10:46 AM | 1 min read
ബംഗളൂരു: ആദ്യം പാനമ കടക്കണം, പിന്നെ മുൻ ലോകചാമ്പ്യൻമാരായ ബ്രസീലും ഉറുഗ്വായ്യും. 12 ദിവസങ്ങൾക്കിടെ മൂന്ന് ലോകോത്തര ടീമുകളെ നാട്ടിൽ നേരിടാൻ ടീം ഇന്ത്യ ഒരുങ്ങുന്നു. ബംഗളൂരു ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തിൽ നാളെ പാനമയെ നേരിടുന്നതിന് മുമ്പ് ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന ഇന്ത്യൻ സംഘം കഠിന പരിശീനത്തിലാണ്.
വമ്പൻ ടീമുകൾക്കെതിരായി കളിച്ച് ലോകവേദിയിൽ കൂടുതൽ പരിചയസമ്പത്തുണ്ടാക്കുകയാണ് ലക്ഷ്യം. ഒപ്പം അടുത്ത ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പും മനസ്സിലുണ്ട്. മദ്ധ്യ അമേരിക്കൻ രാജ്യമായ പാനമയുമായി നാളെ രാത്രി ഏഴരയ്‌ക്കാണ് കളി.
രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി . ബംഗളൂരു ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ടീം പരിശീലനത്തിൽ|ഫോട്ടോ: ശരത് കൽപ്പാത്തി
ഒക്‌ടോബർ മൂന്നിന് അഞ്ചുവട്ടം ലോകചാമ്പ്യൻമാരായ ബ്രസീലിനെയും ആറിന് രണ്ടുതവണ കിരീടമുയർത്തിയ ഉറുഗ്വായ്‌യെയും നേരിടും. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് ഇൗ രണ്ട് മത്സരവും. ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കരുത്തുറ്റ ടീമുകൾക്കെതിരെ തുടർമത്സരത്തിനിറങ്ങുന്നത്.
ലോകറാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ. ഉറുഗ്വായ് 20–ാമതും. 44–ാം സ്ഥാനത്താണ് പാനമ. ഇതിൽ ബ്രസീലുമായും പാനമയുമായും ആദ്യമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഉറുഗ്വായ്‌യുമായി രണ്ടുവട്ടം കളിച്ചിട്ടുണ്ട്. 1982 നെഹ്‌റു കപ്പിലും 2001 സഹാറ കപ്പിലും മുഖാമുഖം വന്നു. രണ്ടിലും തോറ്റു.
രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി . ബംഗളൂരു ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ടീം പരിശീലനത്തിൽ|ഫോട്ടോ: ശരത് കൽപ്പാത്തി

0 comments