print edition കണ്ണൂരിനെ വീഴ്ത്തി കൊമ്പൻമാർ

കണ്ണൂർ വാരിയേഴ്സിന്റെ അഡ്രിയാൻ സെർഡിനെറോയുടെ മുന്നേറ്റം തടയുന്ന കൊമ്പൻസ് ഗോൾ കീപ്പർ സത്യജിത് ബൊർദൊലെയ് ഫോട്ടോ: പി ദിലീപ് കുമാർ
ഫാസിൽ ചോല
Published on Nov 11, 2025, 12:15 AM | 1 min read
കണ്ണൂർ
കൊമ്പന്മാർ കോട്ട കെട്ടിയപ്പോൾ കണ്ണൂരിന് സ്വന്തം തട്ടകത്തിൽ തോൽവി. സൂപ്പർലീഗ് കേരള ഫുട്‌ബോളിൽ കരുത്തരായ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തിരുവനന്തപുരം കൊമ്പൻസ് എഫ്സി വീഴ്‌ത്തിയത്. വിജയികൾക്കായി ബിസ്‌പോ രണ്ടും മുഹമ്മദ് ജാസിം ഒരു ഗോളും നേടി. അസിയർ ഗോമസ് കണ്ണൂരിന്റെ ആശ്വാസഗോൾ കണ്ടെത്തി. നാലുഗോളും രണ്ടാംപകുതിയിലാണ്.
കണ്ണൂരിന്റെ ആദ്യ തോല്‍വിയാണിത്. ആറ് കളിയിൽ രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമടക്കം ഏഴ് പോയിന്റുമായി കൊമ്പന്‍സ് അഞ്ചാമതാണ്. ആറ് മത്സരങ്ങളില്‍ രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റുള്ള കണ്ണൂര്‍ നാലാം സ്ഥാനത്ത് തുടർന്നു. ജയത്തോടെ കൊമ്പന്‍സ് സെമി സാധ്യത നിലനിര്‍ത്തി.
സീസണിലെ ആദ്യ മത്സരത്തിൽ തിരുവനന്തപുരത്തെ രണ്ടിനെതിരെ മൂന്ന് ഗോളിന് കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് കണ്ണൂർ കളിക്കിറങ്ങിയത്. പതിനയ്യായിരത്തോളം കാണികളെ സാക്ഷിയാക്കി ഇരുടീമുകളും കളംനിറഞ്ഞു കളിച്ചെങ്കിലും ആദ്യപകുതിയിൽ ഗോൾ ഒഴിഞ്ഞുനിന്നു. കളി അവസാനിക്കാനിരിക്കെ കണ്ണൂര്‍ ക്യാപ്റ്റന്‍ അഡ്രിയാന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. കൊമ്പന്‍സ് താരങ്ങളുമായുള്ള വാക്ക് തര്‍ക്കത്തിനാണ് ചുവപ്പ് കാര്‍ഡ്.










0 comments