Deshabhimani

print edition സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോൾ; കൊമ്പൊടിച്ച്‌ ഫോഴ്സ

super league kerala forca

കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ 
ഫോഴ്സ കൊച്ചിയുടെ രാഹുൽ രാജു (6) ഗോൾ നേടുന്നു

avatar
പി എ ഷെഹിൻഷ

Published on Oct 17, 2026, 01:29 AM | 1 min read

കൊച്ചി: സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ തട്ടകത്തിൽ ജയം തുടർന്ന് ഫോഴ്സ കൊച്ചി. കൊച്ചി ജവാഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോൽപ്പിച്ചു. രാഘവ് ഗുപ്തയും മലയാളി താരങ്ങളായ രാഹുൽ രാജുവും ഹർഷൽ റഹ്‌മാനും ലക്ഷ്യം കണ്ടു. സീസണിൽ രാഹുലിന്റെ മൂന്നാം ഗോളാണ്‌.


തുടക്കത്തിലേ ആക്രമണത്തിന് മൂർച്ച കൂട്ടിയ ഫോഴ്സ, ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളടിച്ച് കൊമ്പൻസിനെ ഞെട്ടിച്ചു. ഏഴാം മിനിറ്റിൽ ഇടതു പാർശ്വത്തിൽനിന്ന് ഡീഗോ ഹെർണാണ്ടസ് ബോക്‌സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് രാഘവ് കൃത്യമായി വലയിലെത്തിച്ചു. ആദ്യ ഗോളിന് ശേഷം ഉണർന്നു കളിച്ച കൊമ്പൻസ് ഫോഴ്സയുടെ പോസ്‌റ്റിലേക്ക് നിരന്തരം പന്തുമായെത്തി. ഗോളെന്നുറച്ച പൗലോ സീസറിന്റെ ഷോട്ട് ഫോഴ്സ പ്രതിരോധം തട്ടിയകറ്റി. 35-–ാം മിനിറ്റിൽ രാഹുൽ ഫോഴ്സയുടെ ലീഡുയർത്തി. ഇടതു പാർശ്വത്തിൽ നിന്ന് ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ രാഹുലിനെ പ്രതിരോധിക്കാൻ കൊമ്പൻസിനായില്ല.


രണ്ടാം പകുതിയിലാണ് അണ്ടർ 23 താരം ഹർഷൽ റഹ്‌മാന്റെ ഗോൾ പിറന്നത്. ബോക്‌സിന് പുറത്തുനിന്ന് ഹർഷൽ ഉതിർത്ത ഷോട്ട് കൊമ്പൻസ് ഗോൾകീപ്പർ സത്യജിത് ബോർദോലോയെ കീഴടക്കി വലയിലെത്തി. ജയത്തോടെ എട്ടു പോയിന്റുമായി ഫോഴ്സ പട്ടികയിൽ രണ്ടാമതായി. 24ന് ഫോഴ്സ കൊച്ചി കാലിക്കറ്റ് എഫ്സിയെ കോഴിക്കോട്ട്‌ നേരിടും. ഇന്ന്‌ മലപ്പുറം മഞ്ചേരിയിലാണ്‌ കളി. പയ്യനാട്‌ സ്‌റ്റേിഡയത്തിൽ രാത്രി 7.30ന്‌ മലപ്പുറം എഫ്‌സി തൃശൂർ മാജിക്‌ എഫ്‌സിയുമായി ഏറ്റുമുട്ടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home