print edition കളമൊരുങ്ങി; ഇനി കളിക്കാലം: സൂപ്പർ ലീഗ് കേരള ഫുട്‌ബോളിന് 25ന് കിക്കോഫ്

സൂപ്പർ ലീഗ് കേരള ഫുട്ബോളിനായി തയ്യാറെടുക്കുന്ന നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്സ് ടീം

അജിൻ ജി രാജ്
Published on Sep 19, 2026, 01:00 AM | 1 min read
കോഴിക്കോട് : എങ്ങും കളിയാവേശമാണ്. ഏഷ്യൻ ഗെയിംസും യൂറോപ്യൻ ഫുട്‌ബോളും ഇന്ത്യൻ ക്രിക്കറ്റുമെല്ലാം മൈതാനത്തുണ്ട്. ഇതിനൊപ്പം കേരളത്തിലും കളമുണരുന്നു. സൂപ്പർ ലീഗ് കേരള ഫുട്‌ബോളിന്റെ മൂന്നാം സീസണിന് വെള്ളിയാഴ്‌ച കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്‌സ് റണ്ണറപ്പുകളായ തൃശൂർ മാജിക് എഫ്‌സിയെ നേരിടും.
തൊട്ടടുത്ത ദിവസം 26ന് കോഴിക്കോട്ട് കോർപറേഷൻ ഇഎംഎസ് സ്‌റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്‌സി തിരുവനന്തപുരം കൊമ്പൻസുമായും 27ന് കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഫോഴ്‌സ കൊച്ചി മലപ്പുറം എഫ്‌സിയുമായും ഏറ്റുമുട്ടും. മത്സരങ്ങളെല്ലാം രാത്രി ഏഴരയ്‌ക്കാണ്. യുണൈറ്റഡ് സ്‌പോർട്‌സ് ചാനലിലും ZEE5 ആപ്പിലും തത്സമയ സംപ്രേക്ഷണമുണ്ടാകും.
ആറ് ടീമുകൾ 35 മത്സരങ്ങളിലാണ് ഏറ്റുമുട്ടുക. ഡിസംബർ 12നാണ് ഫൈനൽ. മത്സരക്രമം തയ്യാറായിട്ടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ ഐഎസ്‌എൽ മത്സരങ്ങൾ കണക്കിലെടുത്ത് ചെറിയ മാറ്റങ്ങളുണ്ടാകും. എല്ലാ ടീമുകളും ഹോം/എവേ മത്സരം കളിക്കും. മികച്ച നാല് സ്ഥാനക്കാർ സെമിയിലെത്തും. ഇരുപാദ സെമിയാണ് ഇത്തവണ. പ്രാഥമികഘട്ടത്തിൽ നിശ്ചിതസമയം സമനിലയായാൽ നേരിട്ട് ഷൂട്ടൗട്ടിലൂടെ വിജയിയെ കണ്ടെത്തും.
ടീമുകളെല്ലാം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഒരു ടീമിൽ ആറ് വിദേശ താരങ്ങളുണ്ടാകും. കളിക്കാരുമായുള്ള കരാറുകളെല്ലാം പൂർത്തിയായി. ആന്ദ്രെ ചെർണിഷോവ് (റഷ്യ, കണ്ണൂർ), എവെർ ഡിമാൽഡെ (അർജന്റീന, കാലിക്കറ്റ്), കരീം ബെഞ്ചറിഫ (മൊറോക്കോ, മലപ്പുറം), ഡേവിഡ് കനെഡ (സ്‌പെയ്‌ൻ, തൃശൂർ), വിറ്റൽ ബോർകെൽമൻസ് (ബൽജിയം, കൊച്ചി), ഇയാൻ ആൻഡ്രു ഗില്ലൻ (സ്‌കോട്‌ലൻഡ്, തിരുവനന്തപുരം) എന്നിവരാണ് പരിശീലകർ. ഗോവയിൽ പരിശീലനം നടത്തുന്ന കൊച്ചി ടീം എഫ്‌സി ഗോവയുമായും ഡെമ്പോയുമായും പരിശീലന മത്സരം കളിച്ചു. മലപ്പുറം ബംഗളൂരു എഫ്‌സിയുമായും പ്രീ സീസൺ സന്നാഹ മത്സരത്തിനിറങ്ങി. കാലിക്കറ്റ് ടീമിനെ ഇന്നലെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചു.
ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിന്റെ ആദ്യ റൗണ്ട് മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. www.skillboxes.com എന്ന വെബ്സൈറ്റിലും ക്ലബുകളുടെ സൈറ്റിലും ലഭ്യമാണ്. സ്‌റ്റേഡിയങ്ങളിൽനിന്ന് നേരിട്ടും ടിക്കറ്റെടുക്കാം. ആറ് വേദികളിലും വ്യത്യസ്‌ത നിരക്കാണ് ടിക്കറ്റിന്. 149 രൂപ മുതൽ 1999 രൂപ വരെയുള്ള ടിക്കറ്റുകളുണ്ട്.









0 comments