സ്പാനിഷ് ലീഗ്: തകർച്ച തുടര്‍ന്ന് സെവിയ്യ; ലെവാന്റെയോട് തോറ്റു, തരംതാഴ്ത്തൽ ഭീഷണിയിൽ

ടീം സെവിയ്യ എഫ്സി
മാഡ്രിഡ് : സ്പാനിഷ് ലീഗിൽ വമ്പൻമാരായ സെവിയ്യയുടെ കഷ്ടകാലം തുടരുന്നു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ലെവാന്റെയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു. ഇവാന്‍ റൊമേറോ നേടിയ ഇരട്ട ഗോളുകളാണ് ലെവാന്റെയ്ക്ക് കരുത്തായത്. കളിയുടെ രണ്ട് പകുതികളിലായിരുന്നു റൊമേറോയുടെ ഗോളുകൾ.
ഈ തോൽവിയോടെ സെവിയ്യ പോയിന്റ് പട്ടികയിൽ 17-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തരംതാഴ്ത്തൽ ഭീഷണി നിലനിൽക്കുന്ന റെലഗേഷൻ സോണിന് തൊട്ടുമുകളിലാണ് ഇപ്പോൾ ക്ലബ്ബിന്റെ സ്ഥാനം. അവസാന അഞ്ച് ലീഗ് മത്സരങ്ങളിൽ നാലിലും സെവിയ്യ പരാജയപ്പെട്ടു. ഒരു വലിയ അവസരം നഷ്ടപ്പെടുത്തിയെന്നും ഇത് ഏറെ വേദനിപ്പിക്കുന്നുവെന്നും സെവിയ്യ താരം റൂബൻ വർഗാസ് മത്സരശേഷം പ്രതികരിച്ചു.
മറ്റ് മത്സരങ്ങളിൽ, അവസാന സ്ഥാനത്തുള്ള ഒവീഡോ കരുത്തരായ വിയ്യാറയലിനെ 1-1 സമനിലയിൽ തളച്ചു. ഈ സമനിലയോടെ വിയ്യാറയൽ മൂന്നാം സ്ഥാനത്ത് തുടരുന്നു. നാലാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ അഞ്ച് പോയിന്റ് മുന്നിലാണ് നിലവിൽ വിയ്യാറയൽ സിഎഫ് ക്ലബ്.
2026ൽ ഇതുവരെ ഒരു വിജയം പോലും സ്വന്തമാക്കാൻ കഴിയാത്ത എസ്പാന്യോളിന്റെ ദയനീയാവസ്ഥ തുടരുകയാണ്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ റയോ വല്ലെക്കാനോയോട് എതിരില്ലാത്ത ഒരു ഗോളിന് എസ്പാന്യോൾ പരാജയപ്പെട്ടു. ലീഗിൽ നിലവിൽ 10 തോൽവികളും അഞ്ച് സമനിലകളുമാണ് എസ്പാന്യോളിന്റെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ ബാഴ്സലോണ ഒന്നാം സ്ഥാനത്തും റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തും തുടരുന്നു.











0 comments