ad
Deshabhimani

68 മീറ്റർ... ഗോൾ!

Arda Güler
വെബ് ഡെസ്ക്

Published on Mar 16, 2026, 12:00 AM | 1 min read

മാഡ്രിഡ്‌: അറുപത്തെട്ട്‌ മീറ്റർ താണ്ടി അർദ ഗുലെറുടെ അത്ഭുത ഗോൾ. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ എൽഷെയ്‌ക്കെതിരെയായിരുന്നു റയൽ മാഡ്രിഡ്‌ താരത്തിന്റെ തകർപ്പൻ പ്രകടനം. കളി റയൽ 4–1ന്‌ ജയിച്ചു. കളിയുടെ 89–ാം മിനിറ്റിലായിരുന്നു ഗുലെറുടെ ഗോൾ. എൽഷെയുടെ മുന്നേറ്റത്തെ മുറിച്ച്‌ പന്ത്‌ കാലിലാക്കിയ തുർക്കിക്കാരൻ മധ്യവരയ്‌ക്ക്‌ പിന്നിൽ നിന്ന്‌ അടിതൊടുത്തു.


രണ്ടടി മുന്നിൽ നിൽക്കുകയായിരുന്ന എൽഷെ ഗോൾ കീപ്പർ മറ്റിയാസ്‌ ഡിറ്റുറോ അപകടം മനസിലാക്കി പിന്നിലേക്ക്‌ ഓടിയെത്തുന്പോഴേക്കും പന്ത്‌ വലയിൽ പതിഞ്ഞു. സ്‌പാനിഷ്‌ ലീഗ്‌ ചരിത്രത്തിലെ ഏറ്റവും ദൂരത്തുനിന്നുള്ള ഗോളാണിത്‌. അതേസമയം, ഗോൾ വഴങ്ങിയ ഡിറ്റുറോയും ദൈർഘ്യമുള്ള ഗോൾനേട്ടക്കാരുടെ പട്ടികയിൽ അംഗമാണ്‌. 2017ൽ ബൊളിവറിന്‌ വേണ്ടി കളിക്കുന്ന സമയത്ത്‌ സാൻജോസിനെതിരെ 91.4 മീറ്റർ ദൂരത്തുനിന്ന്‌ മുപ്പത്തെട്ടുകാരൻ വല കുലുക്കിയിട്ടുണ്ട്‌. ഗോൾ കീപ്പർ ബോക്‌സിൽനിന്നായിരുന്നു അർജന്റീനക്കാരന്റെ ഷോട്ട്‌.


ഇരുപത്തൊന്നുകാരനായ ഗുലെർ സീസണിൽ റയലിനായി തകർപ്പൻ കളിയാണ്‌ പുറത്തെടുക്കുന്നത്‌. അതേസമയം, ഗുലെറുടെ അത്ഭുത ഗോളിനിടയിലും ഫെഡെറികോ വാൽവെർദെയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം തുടർന്നു. ചാന്പ്യൻസ്‌ ലീഗ്‌ ആദ്യപാദ പ്രീ ക്വാർട്ടറിൽ മിന്നിയ വാൽവെർദൈ എൽഷെയ്‌ക്കെതിരെയും വല കുലുക്കി.


അന്റോണിയോ റുഡിഗെറുടെ ആദ്യ ഗോളിന്‌ വഴിയൊരുക്കിയതും ഉറുഗ്വേക്കാരനാണ്‌. വാൽവെർദെ തൊടുത്ത കരുത്തുറ്റ ഫ്രീകിക്ക്‌ ഡിറ്റുറോ തടുത്തിട്ടെങ്കിലും ബോക്‌സിലെത്തിയ റുഡിഗെർ വലയിലേക്ക്‌ തിരിച്ചിട്ടു. ഇടവേളയ്‌ക്ക്‌ തൊട്ടുമുന്പ്‌ വാൽവെർദെ റയലിന്റെ നേട്ടം രണ്ടാക്കി. രണ്ടാംപകുതിയുടെ ആദ്യ ഘട്ടത്തിൽ ഡീൻ ഹുയ്‌സെൻ പട്ടിക മൂന്നാക്കി. തുടർന്നായിരുന്നു ഗുലെറുടെ വരവ്‌.


പരിക്കുകാരണം കിലിയൻ എംബാപ്പെ ഇ‍ൗ മത്സരത്തിലും ഇറങ്ങിയില്ല. സിറ്റിക്കെതിരായ രണ്ടാംപാദ പ്രീ ക്വാർട്ടറിൽ തിരിച്ചെത്തുമെന്നാണ്‌ പ്രതീക്ഷ. മറ്റൊരു മത്സരത്തിൽ അത്-ലറ്റികോ മാഡ്രിഡ് ഒരു ഗോളിന് ഗെറ്റ-ഫയെ കീഴടക്കി. നഹുവേൽ മൊളീന ഗോളടിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home