സൂപ്പർ താരം സൺ ഹെയുങ്മിൻ നാലാം ലോകകപ്പിന്; ദക്ഷിണ കൊറിയ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ദക്ഷിണ കൊറിയയുടെ പ്രധാന താരം സൺ ഹെയുങ്-മിൻ. Photo Credit|REUTERS
സോൾ: ജൂണിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ ദക്ഷിണ കൊറിയൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം സൺ ഹെയുങ്-മിൻ ടീമിൽ ഇടംനേടി. താരത്തിന്റെ കരിയറിലെ നാലാമത്തെ ലോകകപ്പാണിത്.
വരാനിരിക്കുന്ന ജൂലൈയിൽ 34 വയസ്സ് തികയുന്ന കൊറിയൻ ക്യാപ്റ്റൻ സൺ, ഒരു വർഷം മുമ്പ് ടോട്ടനം ഹോട്സ്പറും ഇംഗ്ലീഷ് പ്രീമിയർ ലീഗും വിട്ട് നിലവിൽ മേജർ ലീഗ് സോക്കറിൽ ലോസ് ആഞ്ചലസ് എഫ്‌സിക്ക് വേണ്ടിയാണ് കളിക്കുന്നത്.
യൂറോപ്യൻ ലീഗുകളിൽ തിളങ്ങുന്ന പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന ശക്തമായ നിരയെയാണ് ദക്ഷിണ കൊറിയ ഇത്തവണ ലോകകപ്പിനായി അണിനിരത്തുന്നത്. പിഎസ്ജി മധ്യനിര താരം ലീ കാങ്-ഇൻ, ബയേൺ മ്യൂണിക്ക് പ്രതിരോധ താരം കിം മിൻ-ജെ, വോൾവർഹാംപ്ടൺ വണ്ടറേഴ്സ് ഫോർവേഡ് ഹ്വാങ് ഹീ-ചാൻ എന്നിവരടങ്ങുന്ന പരിചയസമ്പന്നരായ താരങ്ങൾ ടീമിലുണ്ട്.
ലോകകപ്പിൽ ഗ്രൂപ്പ് എയിലാണ് ദക്ഷിണ കൊറിയ ഇടംപിടിച്ചിരിക്കുന്നത്. സഹ-ആതിഥേയരായ മെക്സിക്കോ, ചെക്ക് റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ജൂൺ 11-ന് ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് ദക്ഷിണ കൊറിയയുടെ ആദ്യ മത്സരം. ആദ്യ റൗണ്ടിലെ തങ്ങളുടെ എല്ലാ മത്സരങ്ങളും കൊറിയ മെക്സിക്കോയിലാണ് കളിക്കുക.
ദക്ഷിണ കൊറിയൻ ലോകകപ്പ് ടീം
ഗോൾകീപ്പർമാർ: ജോ ഹിയോൻ-വൂ, കിം സ്യുങ്-ഗ്യു, സോങ് ബം-കീൻ
പ്രതിരോധനിരക്കാർ : കിം മിൻ-ജെ, ചോ യു-മിൻ, ലീ ഹാൻ-ബിയോം, കിം തേ-ഹ്യോൻ, പാർക്ക് ജിൻ-സിയോബ്, ലീ കി-ഹ്യുക്, ലീ തേ-സിയോക്, സിയോൾ യങ്-വൂ, ജെൻസ് കാസ്ട്രോപ്പ്, കിം മൂൺ-ഹ്വാൻ
മധ്യനിരക്കാർ: യാങ് ഹ്യുൻ-ജുൻ, പൈക് സ്യുങ്-ഹോ, ഹ്വാങ് ഇൻ-ബീം, കിം ജിൻ-ഗ്യു, ബേ ജുൻ-ഹോ, ഇയോം ജി-സുങ്, ഹ്വാങ് ഹീ-ചാൻ, ലീ ഡോങ്-ഗ്യോങ്, ലീ ജെ-സുങ്, ലീ കാങ്-ഇൻ
മുന്നേറ്റനിരക്കാർ: ഓ ഹിയോൻ-ഗ്യു, സൺ ഹെയുങ്-മിൻ, ചോ ഗ്യു-സങ്










0 comments