ad
Deshabhimani

print edition പുതിയ 
തുടക്കം തേടി; വെസ്‌റ്റ്‌വുഡിന്‌ കീഴിൽ ബ്ലാസ്‌റ്റേഴ്‌സിന്‌ ആദ്യ കളി

Ashley Westwood Kerala Blasters

കേരള ബ്ലാസ്-റ്റേഴ്സ് പരിശീലകൻ ആഷ്ലി വെസ്റ്റ്-വുഡ് പരിശീലനത്തിനിടെ (ഇടത്)

വെബ് ഡെസ്ക്

Published on Apr 05, 2026, 04:27 AM | 1 min read

ന്യ‍ൂഡൽഹി: പുതിയ പരിശീലകൻ ആഷ്‌ലി വെസ്‌റ്റ്‌വുഡിന്‌ കീഴിൽ പുതിയ തുടക്കം കൊതിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. ഇന്ന്‌ സ്‌പോർടിങ്‌ ഡൽഹിയെ നേരിടും. ന്യൂഡൽഹി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ വൈകീട്ട്‌ അഞ്ചിനാണ്‌ കളി. ഐഎസ്‌എൽ ഫുട്‌ബോൾ സീസണിൽ ആറ്‌ കളി പൂർത്തിയായപ്പോൾ ഒറ്റ പോയിന്റ്‌ മാത്രമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ സന്പാദ്യം. അഞ്ച്‌ കളി തോറ്റു. ഒരു സമനില. ഇതോടെയാണ്‌ സ്‌പാനിഷുകാരൻ പരിശീലകൻ ഡേവിഡ്‌ കറ്റാലയെ പുറത്താക്കി വെസ്‌റ്റ്‌വുഡിനെ കൊണ്ടുവന്നത്‌.


പതിമൂന്നാംസ്ഥാനത്തുള്ള ടീമിനെ മുന്നോട്ടു കൊണ്ടുവരികയാണ്‌ വെസ്‌റ്റ്‌വുഡിന്റെ ചുമതല. ഇതുവരെ താളം കണ്ടെത്താൻ കഴിയാത്ത ടീമിനെ ഉണർത്താൻ ഇംഗ്ലീഷുകാരന്‌ വലിയ ശ്രമം നടത്തേണ്ടിവരും. അവസാന കളിയിൽ പഞ്ചാബ്‌ എഫ്‌സിയോട്‌ 3–1നായിരുന്നു തോൽവി. പ്രതിരോധ നിരയുടെ പിഴവാണ്‌ തിരിച്ചടിയായത്‌. ഇക്കുറിയുള്ളത്‌ ഏറ്റവും മോശം പ്രതിരോധ സംഘമാണ്‌. ആറ്‌ കളിയിൽ പത്ത്‌ ഗോളാണ്‌ വഴങ്ങിയത്‌.


മുന്നേറ്റ നിരയ്‌ക്കും ചലനമില്ല. ആകെ നേടാനായത്‌ മ‍ൂന്ന്‌ ഗോൾ. അതിലൊന്ന്‌ മലയാളി താരം മുഹമ്മദ്‌ അജ്‌സലിന്റെ വകയാണ്‌. മുന്നേറ്റനിരയിൽ വിദേശ താരങ്ങൾ മികവു കാട്ടാത്തതാണ്‌ തിരിച്ചടിയാകുന്നത്‌. മധ്യനിരയിൽ മലയാളി താരം എബിൻദാസ്‌ യേശുദാസനാണ്‌ പ്രതീക്ഷ.


മറുവശത്ത്‌, സ്‌പോർടിങ്‌ ഡൽഹിയുടെ അവസ്ഥയും സമാനമാണ്‌. ഡൽഹിക്കും ഒറ്റ കളി ജയിക്കാനായിട്ടില്ല. രണ്ട്‌ സമനിലയും മൂന്ന്‌ തോൽവിയുമാണ്‌. പത്ത്‌ ഗോൾ വഴങ്ങി. അടിച്ചത്‌ നാലെണ്ണം മാത്രം. പോയിന്റ്‌ നിലയിൽ ബ്ലാസ്‌റ്റേഴ്‌സിനേക്കാൾ ഒരു പടി മാത്രം മുന്നിൽ.

ഇന്ന്‌ രണ്ട്‌ കളിയുണ്ട്‌. രാത്രി 7.30ന്‌ മുംബൈ സിറ്റി ഒഡിഷ എഫ്‌സിയെ നേരിടും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home