'നക്ഷത്രമായി വന്നു, ഇതിഹാസമായി മടങ്ങുന്നു'; ബാഴ്സലോണയുമായുള്ള കരാർ അവസാനിപ്പിച്ച് റോബർട്ട് ലെവൻഡോവ്സ്കി ക്ലബ് വിടുന്നു

Photo Credit: Getty Images
ബാഴ്സലോണ: ബാഴ്സലോണയുടെ പോളിഷ് സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ഈ സീസണോടെ ക്ലബ് വിടുന്നു. നിലവിലെ കരാർ അവസാനിക്കുന്നതോടെ ഈ വേനൽക്കാലത്ത് താൻ ബാഴ്സലോണയോട് വിടപറയുകയാണെന്ന് 37 കാരനായ താരം ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വെല്ലുവിളികളും കഠിനാധ്വാനവും നിറഞ്ഞ നാല് വർഷങ്ങൾക്ക് ശേഷം ഇനി മുന്നോട്ട് പോകാനുള്ള സമയമായിരിക്കുന്നുവെന്നും ദൗത്യം പൂർത്തിയാക്കിയ സംതൃപ്തിയോടെയാണ് മടങ്ങുന്നതെന്നും ലെവൻഡോവ്സ്കി തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കി.
ബാഴ്സലോണ സാമ്പത്തിക പ്രതിസന്ധികളിലൂടെയും കടുത്ത തിരിച്ചടികളിലൂടെയും കടന്നുപോയ ഒരു ഘട്ടത്തിലാണ് 2022-ൽ ലെവൻഡോവ്സ്കി ബയേൺ മ്യൂണിക്കിൽ നിന്നും ടീമിലെത്തുന്നത്. തുടർന്ന് ബാഴ്സയെ വീണ്ടും സ്പാനിഷ് ഫുട്ബോളിന്റെ സിംഹാസനത്തിൽ എത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
ഈ സീസണിലെ കിരീടം ഉൾപ്പെടെ മൂന്ന് ലാ ലിഗ ട്രോഫികളും, 2025-ലെ കോപ്പ ഡെൽ റേയും ബാഴ്സലോണയ്ക്ക് നേടിക്കൊടുക്കാൻ ഈ പോളിഷ് സ്ട്രൈക്കർക്കായി. ക്ലബിനായി കളിച്ച 191 മത്സരങ്ങളിൽ നിന്നായി 119 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
ഞായറാഴ്ച റയൽ ബെറ്റിസിനെതിരെ ബാഴ്സലോണയുടെ സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ നടക്കുന്ന മത്സരത്തിലാകും ലെവൻഡോവ്സ്കി അവസാനമായി ബാഴ്സ ജേഴ്സിയണിയുക. താരം ആദ്യ ഇലവനിൽ തന്നെയുണ്ടാകുമെന്ന് കോച്ച് ഹാൻസി ഫ്ലിക്ക് സ്ഥിരീകരിച്ചു. 'താരം ഒരു നക്ഷത്രമായി വന്നു, ഇതിഹാസമായി മടങ്ങുന്നു' എന്നാണ് ബാഴ്സലോണ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ലെവൻഡോവ്സ്കിയെക്കുറിച്ച് കുറിച്ചത്.
ബയേൺ മ്യൂണിക്കിലും ബാഴ്സലോണയിലുമായി ലെവൻഡോവ്സ്കിയെ ദീർഘകാലം പരിശീലിപ്പിച്ച ഹാൻസി ഫ്ലിക്ക് താരത്തിന് വൈകാരികമായ യാത്രയയപ്പാണ് നൽകിയത്. റോബർട്ടിനൊപ്പം വർഷങ്ങളായി പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്നും യുവ കളിക്കാർക്ക് മാതൃകയാക്കാവുന്ന ഒരു മികച്ച പ്രൊഫഷണലും ലോകോത്തര കളിക്കാരനുമാണ് അദ്ദേഹമെന്നും ഫ്ലിക്ക് കൂട്ടിച്ചേർത്തു.
ആദ്യ സീസണിൽ തന്നെ ലാ ലിഗയിലെ ടോപ്പ് സ്കോററായ ലെവൻഡോവ്സ്കി ഈ സീസണിൽ 44 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്സ വിട്ടതിനു ശേഷം താൻ ഏത് ക്ലബിലേക്കാണ് പോകുന്നതെന്ന് താരം വ്യക്തമാക്കിയിട്ടില്ലെങ്കിലും, സൗദി അറേബ്യയിലെയും അമേരിക്കയിലെയും പ്രമുഖ ക്ലബുകളിലേക്ക് മാറാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.











0 comments