എംബാപ്പെ മാജിക്: ചാമ്പ്യൻസ് ലീഗിൽ സിറ്റിയെ വീഴ്ത്തി റയൽ

photo creedit: X
മാഡ്രിഡ് : സാന്റിയാഗോ ബെർണബ്യൂവിൽ റയൽ ആരവം. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി റയൽ മാഡ്രിഡിന്റെ കുതിപ്പ്. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് റയലിന്റെ വിജയം. സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് റയലിനായി മൂന്ന് ഗോളുകളും നേടിയത്. ഇതോടെ 6-3ന്റെ ആധികാരിക വിജയവുമായി റയൽ അവസാന പതിനാറിൽ ഇടം നേടി.
ബയേർ ലെവർകൂസനോ അത്‍ലറ്റികോ മാഡ്രിഡോ ആയിരിക്കും റയലിന്റെ അടുത്ത എതിരാളികൾ. പെപ് ഗ്വാർഡിയോളയുടെ കരിയറിൽ ആദ്യമായാണ് പരിശീലിപ്പിക്കുന്ന ഒരു ടീം ചാമ്പ്യൻസ് ലീഗിൽ അവസാന പതിനാറിലെത്താതെ പോകുന്നത്.
കളിയിൽ ആദ്യാവസാനം വ്യക്തമായ ആധിപത്യത്തോടെയായിരുന്നു റയലിന്റെ വിജയം. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ എംബാപ്പെ സ്കോർ ചെയ്തു. രണ്ടാം പകുതിയിലായിരുന്നു മറ്റ് ഗോളുകൾ. 33ാം മിനിറ്റിൽ ക്ലോസ് റേഞ്ച് ഷോട്ടിൽ എംബാപ്പെ രണ്ടാം ഗോളും 61ാം മിനിറ്റിൽ ബോക്സിന്റെ അറ്റത്തുനിന്നുള്ള ഇടങ്കാലടിയിൽ മൂന്നാം ഗോളും നേടി.
കളിയുടെ തുടക്കത്തിൽ തന്നെ പ്രതിരോധക്കാരൻ ജോൺ സ്റ്റോൺസ് പരിക്ക് പറ്റി പുറത്തായത് സിറ്റിയെ ഉലച്ചു. എഡേഴ്സൺ മികച്ച സേവുകൾ നടത്തിയെങ്കിലും റയൽ വയലിൽ പന്തെത്തിക്കാൻ സിറ്റി കളിക്കാർക്കായില്ല. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിലാണ് നിക്കോ ഗോൺസാലസ് സിറ്റിക്കായി ഗോൾ നേടുന്നത്. ഒന്നാം പാദത്തിൽ 3-2നായിരുന്നു സിറ്റിയുടെ പരാജയം.
ഇതുവരെ അഞ്ച് തവണയാണ് സിറ്റിയും റയലും പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്. രണ്ടാം തവണയാണ് ആൻസലോട്ടിയുടെ പട സിറ്റിയെ പുറത്താക്കുന്നത്.










0 comments