മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പലസ്തീൻ ഫുട്ബോൾ ലീഗ് തിരിച്ചെത്തുന്നു

ഗാസ സിറ്റിയിലെ അവശിഷ്ടങ്ങൾക്കിടയിലെ ഒരു ഫുട്ബോൾ മൈതാനം
റാമല്ല: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് 2023 ഒക്ടോബർ മുതൽ നിർത്തിവച്ചിരുന്ന പലസ്തീൻ ഫുട്ബോൾ മത്സരങ്ങൾ സെപ്റ്റംബർ 4 മുതൽ പുനരാരംഭിക്കുമെന്ന് പാലസ്തീൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജിബ്രിൽ റജൂബാണ് റാമല്ലയിൽ പ്രഖ്യാപനം നടത്തിയത്.
ഇസ്രയേലിന്റെ ആക്രമണങ്ങൾക്കിടെ കൊല്ലപ്പെട്ട 1,014 പലസ്തീൻ കായികതാരങ്ങളുടെ സ്മരണയ്ക്കായി തിരിച്ചുവരവ് ടൂർണമെന്റിന് “തൗസൻഡ് മാർട്ടിയേഴ്സ് കപ്പ്” എന്ന് പേരിട്ടു.
വെസ്റ്റ് ബാങ്കിൽ നിന്നുള്ള 146, ഗാസയിൽ നിന്നുള്ള 44, ലെബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പുകളിൽ നിന്നുള്ള 36 ക്ലബ്ബുകൾ ഉൾപ്പെടെ 200-ലധികം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.
വെസ്റ്റ് ബാങ്ക്, ഗാസ, ലെബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പുകൾ എന്നിവിടങ്ങളിൽ ഒരേസമയം ടൂർണമെന്റ് ആരംഭിക്കും. യുദ്ധം പലസ്തീൻ കായികരംഗത്തെ വലിയ പ്രതിസന്ധിയിലാക്കിയെങ്കിലും, കായികം പ്രതീക്ഷയുടെയും ജീവിതത്തിന്റെയും പ്രതീകമായി തുടരുമെന്ന് ജിബ്രിൽ റജൂബ് പറഞ്ഞു.










0 comments