വനിതാ ഫുട്ബോൾ: റഷ്യക്കെതിരെ ഇന്ത്യ ഇന്നിറങ്ങും; മൽസരം കൊൽക്കത്തയിൽ

കൊൽക്കത്ത: ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യയുടെ വനിതാ ഫുട്ബോൾ ടീമിന് വ്യാഴാഴ്ച കടുത്ത പരീക്ഷണം. കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രീരംഗണത്തിൽ നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങളിലെ ആദ്യ പോരാട്ടത്തിലാണ് 69-ാം റാങ്കിലുള്ള ഇന്ത്യ ഇറങ്ങുന്നത്. വൈകുന്നേരം 6 മണിക്കാണ് മത്സരം
റഷ്യക്കെതിരെ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 2021ൽ 8-0നും കഴിഞ്ഞ വർഷം ഷാർജയിൽ 2-0നുമായിരുന്നു റഷ്യയുടെ ജയം.
ജൂണിൽ ആറാം സാഫ് വനിതാ ചാമ്പ്യൻഷിപ്പ് കിരീടം നേടിയശേഷമുള്ള ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. അടുത്ത വർഷത്തെ എഎഫ്സി വനിതാ ഏഷ്യൻ കപ്പിനായി യുവതാരങ്ങളെ ഒരുക്കുകയാണ് പരിശീലകൻ ക്രിസ്പിൻ ചെത്രിയുടെ പ്രധാന ലക്ഷ്യം.
ശരാശരി 23 വയസുള്ള ഇന്ത്യൻ ടീമിൽ നിരവധി അണ്ടർ-20 താരങ്ങൾ ഇടം നേടിയിട്ടുണ്ട്. നന്ദിനി, സിബാനി ദേവി, റേണു, ലിൻഡ കോം സെർട്ടോ, മാളവിക പി. തുടങ്ങിയ താരങ്ങളിൽ പ്രതീക്ഷയുണ്ട്. ക്ലബ് മത്സരങ്ങളിലെ തിരക്ക് ചില താരങ്ങളുടെ അഭാവത്തിന് കാരണമായെങ്കിലും, യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണിതെന്ന് ചെത്രി പറഞ്ഞു.
ഇരു ടീമുകളും ഒക്ടോബർ 11ന് വീണ്ടും ഏറ്റുമുട്ടും. സ്വന്തം കാണികൾക്ക് മുന്നിൽ ഉയർന്ന റാങ്കിലുള്ള റഷ്യക്കെതിരെ മികച്ച പോരാട്ടം കാഴ്ചവയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.









0 comments