ഇംഗ്ലീഷ് ലീഗ് കപ്പ്: ന്യൂകാസിലിനെ വീഴ്‌ത്തി സിറ്റി ഫൈനലിൽ; അവസാന പോര് അഴ്‌സണലുമായി

ലണ്ടൻ: ഒന്നിനെതിരെ മൂന്ന് ഗോളിന് ന്യൂകാസിലിനെ തീർത്ത് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോൾ ഫൈനലിൽ. ഇരുപാദങ്ങളിലുമായി 5–1ന്റെ മുൻതൂക്കത്തോടെയാണ് ഫൈനൽ പ്രവേശനം. കലാശപ്പോരിൽ അഴ്‌സണൽ ആണ് എതിരാളി.
ആദ്യ പാദത്തിൽ രണ്ട് ഗോളിന് ജയിച്ച സിറ്റി രണ്ടാം പാദത്തിലും ന്യൂകാസിലിന് അവസരം നൽകിയില്ല. ആദ്യ പകുതിയിൽ തന്നെ സിറ്റി മൂന്ന് ഗോളുകൾ നേടി. ഇരട്ട ഗോളുകളുമായി ഒമർ മർമൂഷ് തിളിങ്ങി. കളിയുടെ ഏഴാം മിനിറ്റിലും 29-ാം മിനിറ്റിലുമാണ് ഈജിപ്ഷ്യൻ താരം ഗോൾ നേടിയത്. 32-ാം മിനിറ്റിൽ ടിജാനി റെയ്ജൻഡേഴ്സും ടീമിനായി വലകുലുക്കി. 62-ാം മിനിറ്റിൽ ആന്റണി എലങ്കയാണ് ന്യൂകാസിലിനായി ആശ്വാസ ഗോൾ മടക്കിയത്.
കരുത്തരായ ചെൽസിയെ ഒറ്റ ഗോളിൽ വീഴ്ത്തിയാണ് അഴ്‌സണലിന്റെ ഫൈനലിൽ പ്രവേശനം. ഇരുപാദങ്ങളിലുമായി 4–2ന്റെ മുൻതൂക്കത്തോടെയാണ് മൈക്കേൽ അർടേറ്റയുടെ സംഘത്തിന്റെ മുന്നേറ്റം. 2020നുശേഷം ഒരു കിരീടം കൊതിക്കുന്ന അഴ്സണലിന് ഇക്കുറി പ്രതീക്ഷയിലാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആറ് പോയിന്റ് ലീഡിൽ മുന്നിലാണ്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ ഏഴ് ജയവുമായി പ്രീ ക്വാർട്ടറിലുമെത്തി. എഫ്‌എ കപ്പിൽ നാലാം റൗണ്ടിലെത്തിയിട്ടുണ്ട്.









0 comments