print edition ഞങ്ങൾ വീണ്ടും വരും: മെസി

സ്വന്തം ലേഖകൻ
Published on Dec 16, 2025, 12:30 AM | 1 min read
ന്യൂഡൽഹി : ഇന്ത്യൻ പര്യടനത്തിന് നന്ദി പറഞ്ഞ് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. ന്യൂഡൽഹി അരുൺ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയത്തിലെ അവസാന സ്വീകരണപരിപാടിയിലാണ് അർജന്റീന ക്യാപ്‌റ്റൻ മനസ് തുറന്നത്. ‘ഇവിടെ ചെലവഴിച്ചത് കുറച്ച് ദിവസമായിരുന്നെങ്കിലും മനോഹരമായ അനുഭവമായിരുന്നു. ഞങ്ങൾ വീണ്ടും വരും. ഒന്നുകിൽ മത്സരം കളിക്കാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിന്. എന്തായാലും ഞങ്ങൾ വീണ്ടും ഇന്ത്യ സന്ദർശിക്കുമെന്ന് ഉറപ്പാണ്. സ്‌നേഹത്തിന് ഒരുപാട് നന്ദി’– മെസി പറഞ്ഞു.
സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.
‘Goat Tour’ എന്നുപേരിട്ട മൂന്ന് ദിവസത്തെ ഇന്ത്യൻ പര്യടനം ‘എ ശതാദ്രു ദത്ത ഇനീഷ്യേറ്റീവാ’ണ് സ്‌പോൺസർ ചെയ്‌തിരുന്നത്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷമാണ് രാജ്യതലസ്ഥാനത്തെത്തിയത്.
പുകമഞ്ഞ് കാരണം വിമാനം വൈകിയതിനാൽ പരിപാടി ആരംഭിക്കാൻ വൈകി.
ഐസിസി ചെയർമാൻ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സമ്മാനിച്ചു. ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഒപ്പിട്ട ബാറ്റും അടുത്ത വർഷം നടക്കുന്ന ലോകകപ്പിലെ ഇന്ത്യ–അമേരിക്ക മത്സരത്തിന്റെ ടിക്കറ്റും നൽകി. ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്‌റ്റൻ ബെയ്‌ചുങ് ബൂട്ടിയ ഒപ്പമുണ്ടായിരുന്നു. കുട്ടികൾക്കൊപ്പം പന്തു തട്ടിയാണ് മടങ്ങിയത്. ഗ്യാലറിയിലേക്ക് പന്തടിച്ച് നൽകുകയും ചെയ്‌തു. പ്രദർശന മത്സരവും നടന്നു.
വിഷപ്പുക കാരണം ഡൽഹിയിലേക്കുള്ള മെസിയുടെ വിമാനം വൈകിയതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച നടന്നില്ല. മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം നാല് മണിക്കൂറോളം വൈകി. പകൽ 10.45ന് ഡൽഹിയിൽ വിമാനമിറങ്ങേണ്ട മെസി 2.30 ഓടെയാണ് എത്തിയത്.










0 comments