print edition അർജന്റീന കുപ്പായത്തിൽ നാളെ പുലർച്ചെ അവസാന മത്സരം

വിരമിക്കൽ മത്സരത്തിനൊരുങ്ങുന്ന ലയണൽ മെസി അർജന്റീന സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിൽ
ബ്യൂണസ് ഐറിസ്: ലയണൽ മെസി വിട പറയാനെത്തുന്നു. ആകാശനീല കുപ്പായത്തിൽ അവസാന മത്സരം. അർജന്റീനയ്‌ക്കായി 21 വർഷം കളിച്ചശേഷമാണ് മെസി വിരമിക്കുന്നത്. ദേശീയ കുപ്പായത്തിൽ സർവതും നേടി ഇതിഹാസതാരമായാണ് പടിയിറക്കം.
ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെ നാളെ പുലർച്ചെ നാലരയ്‌ക്കാണ് മുപ്പത്തൊമ്പതുകാരന്റെ വിരമിക്കൽ മത്സരം. ബ്യൂണസ് ഐറിസിലെ മോണ്യുമെന്റൽ സ്‌റ്റേഡിയമാണ് വേദി. 85,000 പേർക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയത്തിലെ ടിക്കറ്റുകളെല്ലാം വിറ്റുതീർന്നിട്ടുണ്ട്. ക്ലബ് ഫുട്‌ബോളിൽ ഇന്റർ മയാമിക്കായി മെസി കളി തുടരും.
ലോകകപ്പ് ഫുട്‌ബോളിൽ സ്‌പെയ്‌നിനെതിരായ ഫൈനൽ തോൽവിയും പിന്നാലെ അച്ഛൻ ഹോർഗെ മെസിയുടെ മരണവുമാണ് മെസിയെ ഉലച്ചത്. ആഗസ്‌ത് 31ന് സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചു. വൈകാരികമായ കുറിപ്പായിരുന്നു. രണ്ട് പതിറ്റാണ്ടിന്റെ യാത്രയിൽ ഒപ്പംനിന്നവർക്ക് നന്ദി അറിയിച്ചു. അർജന്റീന കുപ്പായത്തിൽ ഒരു ലോകകപ്പ്, രണ്ട് കോപ അമേരിക്ക, ഒരു ഫൈനലിസിമ ട്രോഫികൾ നേടിയാണ് മടക്കം.
2005ൽ ഹംഗറിക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു അരങ്ങേറ്റം. ആറ് ലോകകപ്പ് കളിച്ചു. 2016ലെ കോപ ഫൈനൽ തോൽവിക്കുശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും വീണ്ടും തിരിച്ചെത്തി. 2022 ലോകകപ്പ് നേട്ടത്തിലൂടെ ഇതിഹാസപട്ടം ഉറപ്പിച്ചു. 207 കളിയിൽ 125 ഗോളടിച്ചു. എട്ട് ബാലൻ ഡി ഓറും നേടി.
ബെനിനെതിരായ മത്സരത്തിന് വലിയ തയ്യാറെടുപ്പാണ് അർജന്റീന അസോസിയേഷൻ നടത്തുന്നത്. 2022 ലോകകപ്പ് നേടിയ ടീമിന് പ്രത്യേക ആദരവ് നൽകും. മെസിക്കായി ഒട്ടേറേ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ലോകം കാത്തിരിക്കുന്ന കളിയുടെ തത്സമയ സംപ്രേഷണം ഇന്ത്യൻ ചാനലുകളിലില്ല. ZEE5 ആപ്പിൽ കാണാം.









0 comments