Deshabhimani

print edition നന്ദി ലിയോ..

messi

ലയണൽ മെസി

വെബ് ഡെസ്ക്

Published on Oct 08, 2026, 12:20 AM | 2 min read

ബ്യൂണസ് ഐറിസ് : നന്ദി, ലിയോ...വിറയാർന്ന ശബ്‌ദത്തോടെ ജനക്കൂ‍ട്ടം വിലപിച്ചു. ബ്യൂണസ്‌ ഐറിസിലെ മോണുമെന്റൽ സ്‌റ്റേഡിയത്തിൽ 85,000 കാണികളുണ്ടായിരുന്നു. അവർ ഒരേ താളത്തിൽ പാടി. ‘‘വരൂ, വരൂ‍ എന്നോടൊപ്പം പാട‍ൂ, ലിയോക്കൊപ്പം കൈ കോർക്കാം’’.

21 വർഷങ്ങൾ. അർജന്റീനയുടെ നീലയും വെള്ളയും നിറഞ്ഞ കുപ്പായത്തിൽ കാട്ടിയ അത്ഭുതങ്ങളിൽ ഒരു ജനതയാകെ മയങ്ങിപ്പോയിരുന്നു. അതിർത്തികളില്ലാതെ അവർ സ്‌നേഹിച്ചു, ആരാധിച്ചു, നെഞ്ചിൽ ചേർത്തുവച്ചു.


സ്വപ്‌നത്തിന്റെ തുടർച്ചപോലെയായിരുന്നു മെസിയുടെ കളിജീവിതം. ഒ-ടുവിൽ ആ സ്വപ്‌നം എന്നേക്കുമായി അവസാനിച്ചു. വിടവാങ്ങൽ മത്സരത്തിൽ ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെ ഒരു ഗോളും രണ്ട്‌ അവസരമൊരുക്കലുമായി മെസി അതിനകം തന്റെ മുദ്ര പതിപ്പിച്ചിരുന്നു. കളി തുടങ്ങി പത്താം മിനിറ്റിൽ, ആ പത്താംനന്പർ താരത്തിനായി സ്‌റ്റേഡിയം സ്‌നേഹാദരം അർപ്പിച്ചു. എതിർതാരങ്ങൾ പുണർന്നു. 90 മിനിറ്റും പരിക്കുസമയമായ മൂന്നും മിനിറ്റ്‌ കഴിഞ്ഞപ്പോൾ സ്‌റ്റേഡിയം നിലച്ചു.


വായിച്ചുകൊണ്ടിരുന്ന മനോഹര പുസ്‌തകം പകുതിയിൽവച്ച്‌ നഷ്ടമായപോലെ അവർ നിരാശരായി. അത്‌ കണ്ണീരായി, വിലാപമായി. കാണികൾ മാത്രമല്ല. ദേശീയ ഗാനം ചൊല്ലുന്നതിനിടെ പരിശീലകൻ ലയണൽ സ്‌കലോണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിടവാങ്ങൽ സംസാരത്തിനിടെ യുവതാരം എൺസോ -ഫെ-ർണാണ്ടസിന്റെ മുഖം വിങ്ങിപ്പൊട്ടലിന്റെ വക്കിലായിരുന്നു. അത്രമേൽ അർജന്റീന മെസിയെ സ്‌നേഹിച്ചിരുന്നുവെന്നതിന്റെ തെളിവുകളുടെ ചില ചിത്രങ്ങൾ മാത്രം.


സ്‌റ്റേഡിയത്തിലേക്കുള്ള ബസ്‌ യാത്രയിൽ മെസി വിങ്ങിപ്പൊട്ടി. മറക്കാനാവാത്ത എത്രയെത്ര നിമിഷങ്ങളായിരിക്കും അപ്പോൾ മനസിലൂടെ കടന്നുപോയിട്ടുണ്ടാകുക. കണ്ണീരും ചിരിയും കലർന്ന കാലങ്ങൾ, കളി ജീവിതങ്ങൾ. കണ്ണീരുകൊണ്ട്‌ ചാർത്തിയ ഓർമകൾക്കുമേൽ ലോക കിരീടങ്ങൾ കൊണ്ട്‌ പുഞ്ചിരിച്ചു. ‘ദേശീയ ദുരന്തം’ എന്ന കുറ്റപ്പെടുത്തിയവർക്ക്‌ മുന്നിൽ രാജ്യത്തിലെ വീരനായകനായി. മികവിന്‌ കണക്കുകൾ തന്നെ ധാരാളമായിരുന്നു. അതിനും അപ്പുറമായിരുന്നു കളിയഴക്‌.


കളിജീവിതം അവസാനിച്ച ഒരു കളിക്കാരന്റെ ചലനങ്ങളായിരുന്നില്ല മോണുമെന്റൽ സ്‌റ്റേഡിയത്തിൽ കണ്ടത്‌. നിക്കോളാസ്‌ ഒട്ടമെൻഡിയെന്ന, ഒപ്പം വിടവാങ്ങുന്ന കൂട്ടുകാരന്‌ ഗോളിന്‌ അവസരമൊരുക്കി. നിക്കോ പാസിന്‌ ബോക്‌സിന്‌ തൊട്ടുമുന്നിൽവച്ച്‌ മനോഹരമായി പന്ത്‌ നൽകുന്പോൾ അർജന്റീന -ഫുട്‌ബോളിലെ ചരിത്ര നിമിഷമാണ്‌ പിറന്നത്‌.


അടുത്ത പത്താം നന്പറുകാരനിലേക്ക്‌ മെസി ദേശീയ ടീമിന്റെ വെളിച്ചം പകർന്നു. സുന്ദരമായ ഗോളിൽ നിക്കോ പാസ്‌ അത്‌ മെസിക്കായി സമർപ്പിച്ചു.പരിക്കുസമയം കഴിയുന്നു. ആകാശത്ത്‌ ലേസർ കിരണങ്ങൾ തെളിഞ്ഞു. ‘നന്ദി ലിയോ‍, നീ പകർന്ന ആനന്ദനിമിഷങ്ങൾക്ക്‌’.


‘ഇതവസാനിക്കാതിരുന്നെങ്കിൽ’ അർജന്റീനയ്‌ക്കായി കളിക്കുകയെന്നത്‌ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്‌. ഒരിക്കലും അവസാനിക്കണമെന്ന്‌ ആഗ്രഹിക്കാത്ത ഒന്ന്‌. ഇരുപത്‌ വർഷം ഇ‍ൗ കുപ്പായമണിയാൻ സാധിച്ചതിൽ നന്ദിയുണ്ട്‌. ഇ‍ൗ യാത്രയിൽ ഒരുപാട്‌ പേർ കൂടെയുണ്ടായി. കൂടെ കളിച്ച, പിന്തുണച്ച എല്ലാവരെയും ഓർക്കുന്നു.


മഹത്തരമായ നേട്ടങ്ങളുണ്ടാക്കാൻ ശക്തമായ ഒരു സംഘം പിന്നിലുണ്ടാകണം. അതാണ്‌ വിജയങ്ങൾക്കെല്ലാം കാരണം. അവരാണ്‌ ലോകചാമ്പ്യൻമാരാകാൻ സഹായിച്ചത്‌. കുട്ടിക്കാലം തൊട്ട്‌ എന്നെ പാകപ്പെടുത്തിയ പരിശീലകർക്ക്‌ നന്ദി.


വിമർശനങ്ങളുണ്ടായപ്പോൾ ചേർത്തുപിടിച്ച ആരാധകരുണ്ട്‌. അർജന്റീനയ്‌ക്കായി ആർപ്പുവിളിക്കാൻ എത്ര ദൂരത്തും അവരെത്തി. ആ പിന്തുണ തുടരണം. മോശം സമയം ഇനിയും വന്നേക്കാം. അന്നും ഇതുപോലെ കൂടെയുണ്ടാകണം.


ഞാനെന്നും നിങ്ങൾക്കൊപ്പമുണ്ടാകും. ഇ‍ൗ ടീമിനെയും ഇനി വരുന്ന തലമുറയെയും ചേർത്തുപിടിക്കും. ഒരുപാടുപേരെക്കുറിച്ച്‌ പറയണമെന്നുണ്ട്‌. ചിലരെ മറേന്നക്കാം. അച്ഛനെ ഓർക്കാതെ ഇതവസാനിപ്പിക്കാൻ കഴിയില്ല. നിങ്ങളെ ഞാൻ മിസ്‌ ചെയ്യും. എല്ലാവരോടും സ്‌നേഹം. അഭിമാനത്തോടെ‍, ശാന്തനായി ഞാൻ മടങ്ങുന്നു. നന്ദി.


ആറ്‌ ലോകകപ്പ്‌ 
21 ഗോൾ


മെസിയുടെ ലോകകപ്പ്‌ അരങ്ങേറ്റം പതിനെട്ടാം വയസ്സിലാണ്‌. 2006 ജർമനി ലോകകപ്പാണത്‌. സെർബിയയുമായുള്ള കളിയിൽ ആദ്യ ലോകകപ്പ്‌ ഗോൾ. 2010ൽ ഒറ്റ ഗോളുമില്ലാതെ മടങ്ങി. 2014ൽ നാല്‌ ഗോൾ. ഫൈനലിൽ ജർമനിയോട്‌ തോറ്റെങ്കിലും ലോകകപ്പിലെ മികച്ചതാരമായി.


2018ൽ മെസിയും അർജന്റീനയും മങ്ങി. അടിച്ചത്‌ ഒറ്റഗോൾ മാത്രം. ഖത്തറിൽ 2022ൽ നടന്ന ലോകകപ്പിൽ സ‍ൗദി അറേബ്യയോട്‌ തോറ്റാണ്‌ തുടക്കം. പിന്നീട്‌ കണ്ടത്‌ ടീമിനെ ഒറ്റയ്‌ക്ക്‌ നയിക്കുന്ന മെസിയെയാണ്‌. ഫൈനലിൽ ഫ്രാൻസിനെതിരെ രണ്ട്‌ ഗോളടിച്ചു.


ഷൂട്ട‍ൗട്ടിൽ കിക്ക്‌ ലക്ഷ്യത്തിലെത്തിച്ചു. കാത്തിരുന്ന ലോക കിരീടവും സ്വന്തമാക്കി. ആകെ ഏഴ്‌ ഗോൾ. 2026ൽ ഏഴ്‌ കളിയിൽ എട്ട്‌ ഗോളടിച്ചു. നാലെണ്ണത്തിന്‌ അവസരമൊരുക്കി. സ്‌പെയ്‌നിനോട്‌ ഫൈനലിൽ തോറ്റെങ്കിലും മെസിയുടെ മറ്റൊരു മികവ്‌ കണ്ട ലോകകപ്പായി അത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home