വിജയക്കുതിപ്പിൽ ബാഴ്സ; ലാലിഗയിൽ ഒന്നാം സ്ഥാനം ഭദ്രം

മാഡ്രിഡ്: ലാ ലിഗയിൽ തുടർച്ചയായ വിജയങ്ങളുമായി ബാഴ്സലോണ കിരീടത്തിലേക്ക് കുതിക്കുന്നു. കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ 2-1ന് പരാജയപ്പെടുത്തിയാണ് ബാഴ്സ തേരോട്ടം തുടർന്നത്. ഇതോടെ ലാ ലിഗ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബാഴ്സലോണ രണ്ടാമതുള്ള റയൽ മാഡ്രിഡിനെക്കാൾ ഏഴ് പോയിന്റ് മുന്നിലെത്തി.
പത്തുപേരുമായി ചുരുങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ 87-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി നേടിയ ഗോളിലാണ് ബാഴ്സലോണ ആവേശജയം നേടിയത്. ആദ്യ പകുതിയുടെ അവസാനത്തിൽ നിക്കോ ഗോൺസാലസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ രണ്ടാം പകുതി മുഴുവൻ 10 പേരുമായാണ് അത്‌ലറ്റിക്കോ കളിച്ചത്. എന്നിട്ടും സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിലാണ് ബാഴ്സലോണ ജയം പിടിച്ചെടുത്തത്.
മത്സരത്തിന്റെ 39-ാം മിനിറ്റിൽ അത്‌ലറ്റിക്കോ, ജൂലിയാനോ സിമിയോണിയിലൂടെ മുന്നിലെത്തി. എന്നാൽ ആ സന്തോഷത്തിന് മൂന്ന് മിനിറ്റ് മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ഇംഗ്ലീഷ് താരം മാർക്കസ് റാഷ്‌ഫോർഡിലൂടെ ബാഴ്സ തിരിച്ചടിച്ചു. തൊട്ടുപിന്നാലെ നിക്കോ ഗോൺസാലസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പത്ത് പേരായി ചുരുങ്ങിയെങ്കിലും അത്‌ലറ്റിക്കോ മികച്ച പ്രകടനം കാഴ്ചവെച്ചു. വിജയഗോളിനായി ആക്രമിച്ച് കളിച്ച ബാഴ്സലോണ 87-ാം മിനിറ്റിൽ ലെവൻഡോവ്സ്കിയിലൂടെ ലക്ഷ്യം കണ്ടു.
ലാ ലീഗയിൽ എട്ട് മത്സരങ്ങൾ ബാക്കിനിൽക്കെ ബാഴ്സലോണയ്ക്ക് 76 പോയിന്റാണുള്ളത്. ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ മല്ലോർക്കയോട് പരാജയപ്പെട്ട റിയൽ മാഡ്രിഡ് 69 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മെയ് പതിനൊന്നിനാണ് ബാഴ്സയും റയലും തമ്മിലുള്ള അടുത്ത മത്സരം. 57 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്താണ്.











0 comments