ലാലിഗയ്ക്ക് നാളെ തുടക്കം; കിരീടം നിലനിർത്താൻ ബാഴ്സലോണ

ടീം ബാഴ്സലോണ| Photo: Getty Images
മാഡ്രിഡ് : ലോകകപ്പ് ആവേശത്തിന് പിന്നാലെ ലാലിഗയുടെ 2026-27 സീസണിന് നാളെ (ശനിയാഴ്ച) തുടക്കമാകും. അലാവസും ഗെറ്റാഫെയും തമ്മിലുള്ള മത്സരത്തോടെയാണ് പുതിയ സീസണിന് തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്.
ലോകകപ്പിൽ പങ്കെടുത്ത താരങ്ങളുടെ എണ്ണം കൂടുതലായതിനാൽ ചില മത്സരങ്ങളുടെ തീയതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകളുടെ ആദ്യ മത്സരങ്ങൾ താരങ്ങൾക്ക് നിർബന്ധിത 21 ദിവസത്തെ വിശ്രമം നൽകുന്നതിനായി മാറ്റിവച്ചു. റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും സീസണിലെ ആദ്യ മത്സരങ്ങൾ ആഗസ്ത് 22, 23 തീയതികളിലായിരിക്കും.
ലോകകപ്പ് ഫൈനലിൽ ഏറ്റവുമധികം താരങ്ങളെ സംഭാവന ചെയ്ത ലീഗും ലാലിഗയാണ്. സ്പെയിനും അർജന്റീനയും ഏറ്റുമുട്ടിയ ഫൈനലിലെ 52 താരങ്ങളിൽ 24 പേരും ലാലിഗ ക്ലബ്ബുകളുടെ താരങ്ങളായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, റയൽ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളാണ് പ്രധാന താരങ്ങളെ സംഭാവന ചെയ്തത്.
ലോകകപ്പ് ജേതാക്കളായ ലാമിൻ യമാൽ, പൗ കുബാർസി, ഫെറാൻ ടോറസ് എന്നിവർക്കൊപ്പം റയൽ മാഡ്രിഡിന്റെ കിലിയൻ എംബാപ്പെ, ജൂഡ് ബെല്ലിങ്ഹാം, വിനീഷ്യസ് ജൂനിയർ എന്നിവരും പുതിയ സീസണിൽ ശ്രദ്ധാകേന്ദ്രമാകും.
കഴിഞ്ഞ സീസണിൽ അമേരിക്കയിൽ ലാലിഗയ്ക്ക് റെക്കോർഡ് പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ഇഎസ്പിഎൻ പ്ലാറ്റ്‌ഫോമുകളിലൂടെ 2.01 കോടി പ്രേക്ഷകരും 3.9 ബില്യൺ മിനിറ്റ് കാഴ്ചയും രേഖപ്പെടുത്തിയിരുന്നു.










0 comments