print edition അത്‌ലറ്റികോയെ കീഴടക്കി; ബാഴ്‌സ പിടിമുറുക്കി

ലാ ലിഗ മത്സരത്തിൽ ഗോൾ നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന് ശേഷം ബാഴ്‌സലോണയുടെ ലാമിൻ യമാൽ (Image courtesy : Reuters)
മാഡ്രിഡ് : സ്‌പാനിഷ് ഫുട്‌ബോൾ ലീഗിലെ നിർണായക മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡിനെ 2–1ന് കീഴടക്കി ബാഴ്‌സലോണ കളംപിടിക്കുന്നു. 30 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടാമതുള്ള റയൽ മാഡ്രിഡിനെക്കാൾ ഏഴ് പോയിന്റ് ലീഡായി. മയ്യോർക്കയോട് 2–1ന് തോറ്റതാണ് റയലിന്റെ സാധ്യതകൾക്ക് തിരിച്ചടിയായത്. ലീഗിൽ എട്ട് മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. അത്‌ലറ്റികോയുടെ തട്ടകത്തിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് ബാഴ്‌സയ്‌ക്ക് ജയമൊരുക്കിയത്. കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെയായിരുന്നു ഗോൾ. ജിയുലിയാനോ സിമിയോണിയുടെ ഗോളിൽ അത്‌ലറ്റികോ മുന്നിലെത്തിയതാണ്. പിന്നാലെ മാർകസ് റാഷ്‌ഫഡ് ബാഴ്‌സയെ ഒപ്പമെത്തിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്പ് അത്‌ലറ്റികോയ്‌ക്ക് കനത്ത തിരിച്ചടി കിട്ടി. ലമീൻ യമാലിനെ കടുത്ത ഫൗൾ ചെയ്‌തതിന് നിക്കോ ഗൊൺസാലസിന് നേരിട്ട് ചുവപ്പുകാർഡ്. പത്തുപേരായി ചുരുങ്ങിയ അത്‌ലറ്റികോ അവസാനംവരെ പിടിച്ചുനിന്നെങ്കിലും ലെവൻഡോവ്‌സ്‌കിയെ തടയാനായില്ല.











0 comments