Deshabhimani

print edition കൊൽക്കത്തയിൽ ലാറ്റിൻപൂരം

brazil

ഇന്ത്യയുമായുള്ള സൗഹൃദ ഫുട്ബോളിന് കൊൽക്കത്തയിൽ എത്തിയ ബ്രസീൽ ടീം ബസിൽ ഹോട്ടലിലേക്ക് എത്തുന്നു /ഫോട്ടോ: പി വി സുജിത്

avatar
പ്രദീപ്‌ ഗോപാൽ

Published on Oct 02, 2026, 01:23 AM | 1 min read

കൊൽക്കത്ത: അഞ്ച്‌ തവണ ലോക ചാമ്പ്യന്മാരായ ബ്രസീലും ലോകകപ്പിലെ പ്രഥമ ജേതാക്കളായ ഉറുഗ്വായ്‌യും കൊൽക്കത്തയുടെ ഫുട്‌ബോൾ ആവേശത്തിലേക്ക്‌ പറന്നിറങ്ങി. അപ്രതീക്ഷിത മഴയിൽ അൽപ്പമൊന്ന്‌ തണുത്തെങ്കിലും സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ ലാറ്റിനമേരിക്കൻ ഫ-ുട്‌ബോൾ വിരുന്നിനായി അവസാനവട്ട ഒരുക്കങ്ങൾ തകൃതിയാണ്‌. ബ്രസീൽ ടീം ഇന്നലെ രാത്രി പത്തുമണിയോടെ കൊൽക്കത്തയിലെത്തി. മാരിയറ്റ് ഹോട്ടലിൽ ആവേശ സ്വീകരണമായിരുന്നു. ഉറുഗ്വായ്‌ ടീം കഴിഞ്ഞ ദിവസം എത്തിച്ചേർന്നു. ദ്യേഗോ ഫോർലാനും സംഘവും പരിശീലനത്തിനിറങ്ങി. ഇന്ത്യൻ ടീമും തയ്യാറെടുപ്പ്‌ നടത്തി.


നാല്‌ ദിവസത്തിനിടെ രണ്ട്‌ ലോകോത്തര ടീമുകളുടെ മത്സരം കാണാനാകുന്നതിന്റെ ആഹ്‌ളാദത്തിലാണ്‌ ആരാധകർ. നാളെയാണ്‌ സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ ബ്രസീൽ–ഇന്ത്യ ചരിത്രപോരാട്ടം. ആറിന്‌ ഉറുഗ്വായ്‌യുമായി ഖാലിദ്‌ ജമീലിന്റെ സംഘവുമായും കളിക്കും.


വിനീഷ്യസ്‌ ജൂനിയറും ബ്രൂ‍ണോ ഗുയ്‌മറസും എൻഡ്രിക്കും ഉൾപ്പെട്ട ബ്രസീൽ ടീമും എത്തിയതോടെ കൊൽക്കത്ത പൂ‍ർണമായും ആവേശത്തിലായി. ഓസ്‌ട്രേലിയയുമായുള്ള മത്സരശേഷം പ്രത്യേക വിമാനത്തിലാണ്‌ ടീം എത്തിയത്‌. ഇന്ന്‌ പരിശീലത്തിന്‌ ഇറങ്ങും.

ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രമുറങ്ങുന്ന കൊൽക്കത്തയിൽ മറ്റൊരു മനോഹര നിമിഷമാണ്‌ ബ്രസീൽ കളിക്കുന്നതോടെ പിറക്കുക. ഇതിഹാസങ്ങളായ പെലെയും മാറഡോണയും ലയണൽ മെസിയും പന്ത്‌ തട്ടിയ കളത്തിൽ മറ്റൊരു അധ്യായം കൂടി പിറക്കുന്നു. സ്‌റ്റേഡിയം നിറയുമെന്നാണ്‌ പ്രതീക്ഷ.


1936ലാണ്‌ കൊൽക്കത്തയിൽ ആദ്യമായി ഒരു വിദേശ ടീം കളിക്കാനെത്തുന്നത്‌. ചൈനയുടെ ഒളിന്പിക്‌സ്‌ ടീം അന്ന്‌ ഇവിടെ പന്ത്‌ തട്ടി. 1977ൽ സാക്ഷാൽ പെലെയും സംഘവും. കളത്തിലെ വഴുക്കൽ കാരണം ആദ്യം കളിക്കാൻ വിസമ്മതിച്ച പെലെ ആൾക്കൂട്ടത്തിന്റെ ആവേശം കണ്ട്‌ തീരുമാനം മാറ്റി. പെലെയുടെ ന്യൂ‍യോർക്ക്‌ കോസ്‌മോസും മോഹൻ ബഗാനും തമ്മിലുള്ള കളിക്കാണ്‌ സാൾട്ട്‌ലേക്ക്‌ സാക്ഷിയായത്‌. 2008ൽ ജർമനിയുടെ വിഖ്യാത ഗോൾ കീപ്പർ ഒളിവർ ഖാൻ വിരമിക്കൽ മത്സരം കളിച്ചതും ഇതേ വേദിയിൽ. ഒളിവർ ഖാന്റെ ബയേൺ മ്യൂണിക്കും ബഗാനും തമ്മിലുള്ള കളികാണാൻ അന്ന്‌ ഒഴുകിയെത്തിയത്‌ 1,30,000 പേർ.


യെർദ്‌ മുള്ളർ, യൂസേബിയോ, റൊമാരിയോ, റോജർ മില്ല തുടങ്ങിയ വന്പൻ താരങ്ങളെല്ലാം ഇ‍ൗ വേദിയിൽ പന്ത്‌ കളിച്ചു. അതിന്റെ തുടർച്ചയിലേക്ക്‌ ബ്രസീലും ഉറുഗ്വായ്‌യും അണിചേരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home