print edition ഐഎസ്എൽ; നോർത്ത് ഇൗസ്‌റ്റിനോട് തുടരാൻ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

കേരള ബ്ലാസ്റ്റേഴ്സ് താരം മോമോ യാൻസാനെ പരിശീലനത്തിൽ
ഗുവാഹത്തി : ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യഥാർഥ പരീക്ഷണം ഇന്ന്. രണ്ടാം മത്സരത്തിൽ നോർത്ത് ഇൗസ്‌റ്റ് യുണൈറ്റഡ് എഫ്‌സിയാണ് എതിരാളികൾ. ഗുവാഹത്തിയിൽ രാത്രി 7.30നാണ് കളി. ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസമുണ്ട് ബ്ലാസ്‌റ്റേഴ്‌സിന്. മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം.
നോർത്ത് ഇൗസ്‌റ്റിനെതിരെ ഇറങ്ങുന്പോൾ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. സീസണിലെ ഏറ്റവും മികച്ച സംഘങ്ങളിലൊന്നാണ് നോർത്ത് ഇൗസ്‌റ്റ്. ആദ്യ കളിയിൽ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ ഒറ്റ ഗോളിനാണ് വീഴ്‌ത്തിയത്. മലയാളി താരം എം എസ് ജിതിന്റെ ഗോളിലായിരുന്നു ജയം.
മുന്നൊരുക്കത്തിന് മതിയായ സമയം ലഭിക്കാത്തതിന്റെ പ്രശ്‌നം ആദ്യ കളിയിൽ ബ്ലാസ്‌റ്റേഴ്‌സിനെ ബാധിച്ചിരുന്നു. സൂപ്പർ താരം അഡ്രിയാൻ ലൂണ ഉൾപ്പെടെയുള്ള കളിക്കാർ പൂർണസജ്ജരല്ല. കളിക്കാരുടെ ശാരീരികക്ഷമതയ്‌ക്കാണ് കോച്ച് ആഷ്‌ലി വെസ്‌റ്റ്‌വുഡ് പ്രാധാന്യം നൽകുന്നത്. ലൂണയുടെ കാര്യത്തിൽ പ്രതീക്ഷയാണുള്ളതെന്നും വെസ്‌റ്റ്‌വുഡ് പറഞ്ഞു.
യുവാൻ പെഡ്രോ ബെനാലിയാണ് നോർത്ത് ഇൗസ്‌റ്റിന്റെ പരിശീലകൻ. സാഹചര്യത്തിന് അനുസരിച്ച് കളിരീതി മാറ്റാൻ ബെനാലിക്ക് കഴിയും. ബഗാനെതിരെ ബെനാലിയുടെ തന്ത്രങ്ങൾ വിജയം കണ്ടു. മൊറോക്കോക്കാരൻ അലാദീൻ അജാരിയാണ് നോർത്ത് ഇൗസ്‌റ്റിന്റെ ഗോളടിവീരൻ. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ അജാരി കാര്യമായി പരീക്ഷിക്കും.
പ്രതിരോധത്തിൽ അന്റോണിയോ മൊയോനോയും എനെക്കോ സാട്രെസ്‌റ്റെഗുയ്‌യും തകർപ്പൻ കളിയാണ് പുറത്തെടുത്തത്. സ്വന്തം തട്ടകമാണെന്ന ആനുകൂല്യവും നോർത്ത് ഇൗസ്‌റ്റിനുണ്ട്. ജിതിനെ കൂടാതെ മലയാളി താരമായി അബ്‌ദുൾ റബീഹും ടീമിലുണ്ട്.
മികച്ച ആക്രമണനിരയാണ് ബ്ലാസ്‌റ്റേഴ്‌സിന്. അതിനനുസരിച്ചുള്ള പ്രകടനം പക്ഷേ ഇന്റർ കാശിക്കെതിരെ കണ്ടില്ല. മധ്യനിരയിൽ നെബോയ്‌സകൊസോവിച്ചിന്റെ പ്രകടനം നിർണായകമാകും.
മലയാളി മുന്നേറ്റക്കാരൻ മുഹമ്മദ് സനാൻ ആദ്യ പതിനൊന്നിൽ ഇറങ്ങാനാണ് സാധ്യത. ആദ്യ കളിയിൽ പകരക്കാരനായെത്തിയ സനാനാണ് ആന്ദ്രേ ഗ്രീനിന്റെ ഗോളിന് അവസരമൊരുക്കിയത്. പ്രതിരോധത്തിൽ ജയിംസ് ബോൾട്ടനാണ് പ്രധാന താരം. ക്യാപ്‌റ്റൻ വിബിൻ മോഹനൻ, കോറു സിങ് എന്നിവർക്കൊപ്പം നവാഗതരായ പോൾ റാംഫാങ്‌സൗവയും സുമിത് ശർമയും മികച്ച പ്രകടനമാണ് ആദ്യ മത്സരത്തിൽ കാഴ്‌ചവച്ചത്.
ഗിനി താരം മോമോ യാൻസാനെയും പ്രതീക്ഷ നൽകുന്നു. പ്രതിരോധതാരം ബികാഷ് യുമ്‌നം പരിക്കുകാരണം പുറത്താണ്.
ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ കളിയിൽ ചർച്ചിൽ ബ്രദേഴ്‌സും ഇൗസ്‌റ്റ് ബംഗാളും ഏറ്റുമുട്ടും.









0 comments