print edition ഗ്രീൻ സിഗ്‌നൽ

പുണെ: ഇരട്ട ഗോൾ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതുയുഗത്തിന് തുടക്കം. ഐഎസ്‌എൽ ഫുട്‌ബോൾ 13–ാം സീസണിലെ അരങ്ങേറ്റ മത്സരത്തിൽ ഇന്റർ കാശിയെ രണ്ട് ഗോളിന് തോൽപ്പിച്ചു. ക്യാപ്‌റ്റനായെത്തിയ മലയാളി മധ്യനിരക്കാരൻ വിബിൻ മോഹനനും പുതുമുഖ താരം ഇംഗ്ലീഷുകാരൻ ആന്ദ്രെ ഗ്രീൻ എന്നിവർ ഗോളടിച്ചു. രണ്ട് പകുതിയിലുമായിട്ടായിരുന്നു ഗോളുകൾ. പുതിയ ഉടമകളായ അൽ ഫുർസാൻ സ്‌പോർട്‌സ് ഇൻവെസ്റ്റ് കന്പനിക്ക് കീഴിലെ അരങ്ങേറ്റമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്.
മുന്നാരുക്കമില്ലാത്തത് കളത്തിൽ പ്രതിഫലിച്ചു. പത്ത് ദിവസത്തെ മാത്രം പരിശീലനമായിരുന്നു കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ. ഇന്ത്യൻ താരങ്ങളെ മാത്രം അണിനിരത്തിയെത്തിയ ഇന്റർ കാശിക്കെതിരെ ഇത് ബാധിച്ചു. ആധികാരിക പ്രകടനമായിരുന്നില്ല. ഭാഗ്യം കൊണ്ടാണ് ഗോൾവഴങ്ങാതെ രക്ഷപ്പെട്ടത്.
പുണെയിലെ ബാലവാഡി സ്‌റ്റേഡിയത്തിൽ 4–2–3–1 എന്ന ശൈലിയിലാണ് വെസ്റ്റ്‌വുഡ് ബ്ലാസ്‌റ്റേഴ്‌സിനെ ഒരുക്കിയത്. അർഷ് ഷെയ്‌ഖായിരുന്നു ഗോൾകീപ്പർ. പ്രതിരോധത്തിൽ ഹോർമിപാം റുയ്‌വ, ഇംഗ്ലീഷുകാരൻ ജയിംസ് ബോൾട്ടൺ, ഐബൻബ ഡോഹ്-ലിങ്, സുമിത് ശർമ എന്നിവർ. തൊട്ടുമുന്നിലായി വിബിനും മൊണ്ടെനെഗ്രോയുടെ നെബോയ്‌സ കൊസൊവിച്ചും. ഫ്രെഡി ലല്ലാവ്‌മ, കോറോ സിങ്, ഗ്രീൻ എന്നിവർ. ഗോളടിക്കാനുള്ള ചുമതല മലയാളിതാരം എം എസ് ശ്രീക്കുട്ടനായിരുന്നു. പ്രധാന താരങ്ങളായ അഡ്രിയാൻ ലൂണ, പ്രതിരോധക്കാരൻ ഫാലൂ എൻഡിയായെ, അമരീന്ദർ സിങ്, സഹീൽ ടവോറ തുടങ്ങിയവർ ടീമിലുണ്ടായില്ല.
ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങളോടെയാണ് കളി തുടങ്ങിയത്. 18–ാം മിനിറ്റിൽ തന്നെ മുന്നിലുമെത്തി. മധ്യനിരയിൽനിന്ന് ഫ്രെഡി വലതു പാർശ്വത്തിലുള്ള കോറോയ്‌ക്ക് പാസ് നൽകി. കോറോ അതിവേഗ നീക്കത്തിലൂടെ ഗോൾമുഖത്തുണ്ടായിരുന്ന വിബിനിലേക്കും കൈമാറി. ഒറ്റയടിയിൽ വിബിൻ തീർത്തു. ആദ്യപകുതി ലീഡുയർത്താൻ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ഇന്റർ കാശി പ്രതിരോധം വിട്ടില്ല.
ഇടവേളയ്‌ക്കുശേഷം മുന്നേറ്റത്തിന് മൂർച്ഛ കൂട്ടി പരീക്ഷിക്കുകയും ചെയ്‌തു. അവസരങ്ങൾ കിട്ടിയിട്ടും നല്ല ഗോളടിക്കാരന്റെ അഭാവം വലച്ചു. പരിക്കുസമയത്ത് പ്രതിക് ചൗധരിയുടെ പിഴവ് മുതലാക്കി ഗ്രീൻ വലകുലുക്കുന്നത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് പോയിന്റ് ഉറപ്പിച്ചു.18ന് നോർത്ത് ഇൗസ്റ്റ് യുണൈറ്റഡുമായി ഗുവാഹത്തിയിലാണ് അടുത്ത കളി. 25ന് മുംബൈ സിറ്റിക്കെതിരെയാണ് സ്വന്തംതട്ടകമായ കൊച്ചിയിലെ അരങ്ങേറ്റം.









0 comments