Deshabhimani

print edition ഐഎസ്എൽ: ബ്ലാസ്‌റ്റേഴ്‌സിന്‌ തോൽവി

Blasters

Photo: Facebook

വെബ് ഡെസ്ക്

Published on Oct 19, 2026, 01:30 AM | 1 min read

ഗുവാഹത്തി: മുന്നൊരുക്കത്തിന്റെ അഭാവം ഇക്കുറി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടിതെറ്റിച്ചു. ഐഎസ്‌എൽ ഫുട്‌ബോൾ രണ്ടാം മത്സരത്തിൽ നോർത്ത്‌ ഇ‍ൗസ്‌റ്റ്‌ യുണൈറ്റഡ്‌ 4–1നാണ്‌ ആഷ്‌ലി വെസ്‌റ്റ്‌വുഡിന്റെ സംഘത്തെ തകർത്തുവിട്ടത്‌. അലാദീൻ അജാരി ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ അന്റോണിയോ മൊയാനോയും മലയാളി താരം സി കെ അമനും നോർത്ത്‌ ഇ‍ൗസ്‌റ്റിനായി വലകുലുക്കി. ബ്ലാസ്‌റ്റേഴ്‌സിനായി മോമോ യാൻസാനെയാണ്‌ ഒരെണ്ണം മടക്കിയത്‌.


ആദ്യ കളിയിൽ ഇന്റർ കാശിക്കെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വാസം ബ്ലാസ്‌റ്റേഴ്‌സിനുണ്ടായിരുന്നു. എന്നാൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ വീഴ്‌ത്തിയതിന്റെ വീറിലുള്ള നോർത്ത്‌ ഇ‍ൗസ്‌റ്റിന്‌ മുന്നിൽ ആ കളി മതിയാകുമായിരുന്നില്ല. സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ കളത്തിലേക്കുള്ള തിരിച്ചുവരവാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ ആശ്വാസം പകർന്നത്‌. യാൻസാനെയുടെ ഗോളിന്‌ അവസരം നൽകിയതും ലൂണയായിരുന്നു.


കളി തുടങ്ങി കാൽമണിക്കൂറിനുള്ളിൽ നോർത്ത്‌ ഇ‍ൗസ്‌റ്റ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധം പൊട്ടിച്ചു. അജാരിയുടെ ഒറ്റയ്‌ക്കുള്ള മുന്നേറ്റം തടയാൻ പ്രതിരോധത്തിന്‌ കഴിഞ്ഞില്ല. തുടർന്നുള്ള നിമിഷങ്ങളിൽ അർഷ്‌ ഷെയ്‌ഖ്‌ ഗോൾമുഖത്ത്‌ നടത്തിയ തകർപ്പൻ നീക്കങ്ങളാണ്‌ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചത്‌. ഇടവേളയ്‌ക്ക്‌ പിരിയുന്നത്‌ തൊട്ടുമുന്പ്‌ മൊയാനോ അർഷിനെ മറികടന്നു.


രണ്ടാംപകുതിയുടെ തുടക്കത്തിൽ കോറൂ സിങ്‌ എത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ ആക്രമണനിരയ്‌ക്ക്‌ മൂർച്ച കിട്ടി. 60-–ാം മിനിറ്റിൽ ലൂണ ബോക്‌സിലേക്ക്‌ നൽകിയ പന്ത്‌ യാൻസാനെ വലയിലെത്തിച്ചു. ഒപ്പമെത്താനുള്ള ശ്രമങ്ങൾക്കിടെയാണ്‌ അജാരി രണ്ടാം ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ തളർത്തിയത്‌. പിന്നാലെ പകരക്കാരനായെത്തിയ അമൻ പട്ടിക പൂർത്തിയാക്കി. ഇരുപത്തിമൂന്നുകാരന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്‌. 25ന്‌ കൊച്ചിയിലാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. മുംബൈ സിറ്റി എഫ്‌സിയാണ്‌ എതിരാളി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home