print edition കളംപിടിക്കാൻ ബ്ലാസ്‌റ്റേഴ്‌സ്

പുണെ : പുതിയ തുടക്കം കൊതിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. ഐഎസ്‌എൽ ഫുട്‌ബോൾ 13–ാം സീസണിലെ ആദ്യ കളിയിൽ ഇന്റർ കാശിയാണ് എതിരാളികൾ. വൈകിട്ട് അഞ്ചിന് പുണെയിലാണ് മത്സരം. 28 അംഗ ടീമിനെ കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 2013ൽ പന്ത് തട്ടാൻ തുടങ്ങിയശേഷം മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും ജേതാക്കളാകാൻ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. ഇക്കുറി അനിശ്‌ചിതത്വങ്ങൾക്കുശേഷമാണ് കളത്തിലെത്തുന്നത്. പുതിയ ഉടമകളായ അൽ ഫുർസാൻ സ്‌പോർട്‌സ് ഇൻവെസ്റ്റ് കന്പനിക്ക് കീഴിലാണ് ഒരുക്കം.
കഴിഞ്ഞ സീസണിൽ ഇടയ്‌ക്ക്‌വച്ച് പരിശീലകൻ മൈക്കേൽ സ്‌റ്റാറേയെ പുറത്താക്കിയ ബ്ലാസ്‌റ്റേഴ്‌സ് ഇംഗ്ലീഷുകാരൻ ആഷ്‌ലി വെസ്‌റ്റ്‌വുഡിനെയാണ് പകരംകൊണ്ടുവന്നത്. വെസ്‌റ്റ്‌വുഡിന് കീഴിൽ മികച്ച കളിയും ടീം പുറത്തെടുത്തു. ഒരുങ്ങാൻ സമയം കുറവായിരുന്നെങ്കിലും മികച്ച കളിക്കാരെ കൂടാരത്തിലെത്തിക്കാൻ ക്ലബ്ബിന് കഴിഞ്ഞു. ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണ തിരിച്ചെത്തിയത് ആത്മവിശ്വാസം വർധിപ്പിക്കും. നാല് വിദേശ താരങ്ങൾ ഉൾപ്പെടെ 11 കളിക്കാരെയാണ് പുതുതായി എത്തിച്ചത്. ഇന്ത്യൻ ടീം യുവതാരം മുഹമ്മദ് സിനാനാണ് അതിൽ ശ്രദ്ധേയൻ. വിദേശ താരങ്ങളിൽ മുന്നേറ്റനിരയിൽ മൊമോ യാൻസെയ്‌ൻ (ഗിനി), ആൻഡ്രെ ഗ്രീൻ (ഇംഗ്ലണ്ട്) മധ്യനിരയിൽ നെബോയ്‌സ കൊസൊവിച്ച് (മൊണ്ടെനെഗ്രോ) പ്രതിരോധത്തിൽ ജയിംസ് ബോൾട്ടൺ (ഇംഗ്ലണ്ട്) എന്നിവരെത്തി. പരിചയസമ്പന്നനായ ഗോൾകീപ്പർ അമരീന്ദർ സിങ്, മധ്യനിരയിൽ മുഹമ്മദ് യാസിർ, പോൾ റാംഫങ്സൗവ, ജോയെൽ ലാൽറാമെങ്‌മാവിയ, മുന്നേറ്റക്കാരൻ റാംലുൻചുങ, ഡിഫൻസീവ് മിഡ്‌ഫീൽഡർ സാഹിൽ ടവോറ എന്നിവർ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമായി.
പരിശീലനം കുറവായത് ബാധിക്കില്ലെന്ന് വിശ്വാസത്തിലാണ് പരിശീലകൻ വെസ്‌റ്റ്‌വുഡ്. ‘സ്ഥിരതയോടെ പന്ത് തട്ടി, മികച്ച കളിയുമായി ആരാധകരെ ആനന്ദിപ്പിക്കും. ഓരോ മത്സരവും ജയിക്കുകയാണ് ലക്ഷ്യം. കിരീടവും നേടണം– വെസ്‌റ്റ്‌വുഡ് പറഞ്ഞു. ഇന്റർ കാശിയുടെ ഒരുക്കം അവതാളത്തിലായിരുന്നു. നിയമപ്രശ്‌നങ്ങളും സ്വന്തം തട്ടകം ലഭിക്കാത്തതും പ്രതിസന്ധിയിലാക്കി. അവസാന ഘട്ടത്തിൽ 16 കളിക്കാരെയാണ് കൂടാരത്തിലെത്തിച്ചത്. മലയാളി താരം വി എസ് ശ്രീക്കുട്ടൻ ഇന്റർ കാശി മുന്നേറ്റ നിരയിലുണ്ട്.
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, അർഷ് അൻവർ ഷെയ്‌ഖ്, അൽ സാബിത്ത്.
പ്രതിരോധം: സന്ദീപ് സിങ്, ഹോർമിപാം റുയ്‌വ, ജയിംസ് ബോൾട്ടൺ, ജഗന്നാഥ് ജയൻ, ഐബൻബ ഡോഹ്-ലിങ്, ബികാഷ് യുമ്‌നം, ഫാലൂ എൻഡിയായെ, നവോച്ച സിങ്, അമേയ് റണവാഡെ, സുമിത് ശർമ.
മധ്യനിര: ഫ്രെഡി ലല്ലാവ്‌മ, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, സാഹിൽ ടവോറ, പോൾ റാംഫാങ്‌സൗവ, നെബോയ്‌സ കൊസൊവിച്ച്, ജോയൽ ലാൽറങ്‌മാവിയ, എബിൻദാസ് യേശുദാസൻ.
മുന്നേറ്റം: കോറോ സിങ്, ആന്ദ്രേ ഗ്രീൻ, മുഹമ്മദ് സനാൻ, മുഹമ്മദ് യാസിർ, എം എസ് ശ്രീക്കുട്ടൻ, റാംലുൻചുങ, മൊമോ യാൻസെയ്‌ൻ.









0 comments