അർജന്റീനയ്ക്ക് പരിക്ക് തിരിച്ചടിയാകുന്നു ; ലോകകപ്പിന് മുൻപ് ആശങ്കയിൽ മെസ്സിയും സംഘവും

ടീം അർജന്റീന
ബ്യൂണസ് ഐറിസ് : ലോകകപ്പ് കിരീടം നിലനിർത്താൻ ഒരുങ്ങുന്ന അർജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി പ്രമുഖ താരങ്ങളുടെ പരിക്ക്. ടീമിന്റെ കരുത്തായ മൂന്ന് പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിലായത് ആരാധകരെയും പരിശീലകൻ ലയണൽ സ്കലോണിയെയും ആശങ്കയിലാക്കി. ജൂണിൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന ലോകകപ്പിനായി ടീം തയ്യാറെടുക്കവെയാണ് ഈ പ്രതിസന്ധി.
ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ പരിക്കാണ് ഇതിൽ ഏറ്റവും പ്രധാനം. പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ വാം-അപ്പ് സെഷനിടെ അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതയെത്തുടർന്ന് താരത്തെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതിരോധ നിരയിലെ വിശ്വസ്തൻ ക്രിസ്റ്റ്യൻ റൊമേറോയ്ക്കും പരിക്കേറ്റു. ടോട്ടനം ഹോട്‌സ്പറിനായി കളിക്കുന്നതിനിടെ സഹതാരവുമായി കൂട്ടിയിടിച്ചാണ് റൊമേറോയ്ക്ക് പരിക്കേറ്റത്. താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ക്ലബ് അധികൃതർ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടില്ല.
മുന്നേറ്റ നിരയിലെ ലൗതാരോ മാർട്ടിനെസും വീണ്ടും പരിക്കിന്റെ പിടിയിലായതായാണ് റിപ്പോർട്ട്. ഇന്റർ മിലാൻ താരമായ ലൗതാരോയ്ക്ക് പേശിക്കേറ്റ പരിക്ക് അർജന്റീനയുടെ ലോകകപ്പ് തയ്യാറെടുപ്പുകളെ സാരമായി ബാധിച്ചേക്കും. മത്സരത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സൂപ്പർ താരങ്ങളുടെ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് അർജന്റീനൻ മെഡിക്കൽ സംഘം.










0 comments