print edition ഉറുഗ്വായ് ഗോൾമഴ

കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ ഫുട്ബോളിൽ ഇന്ത്യക്കെതിരെ ഗോൾ നേടിയ ഡാർവിൻ ന്യുനെസ് (നടുവിൽ) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ /ഫോട്ടോ: പി വി സുജിത്
പ്രദീപ് ഗോപാൽ
Published on Oct 07, 2026, 12:55 AM | 2 min read
കൊൽക്കത്ത: കനത്ത മഴയ്‌ക്ക് മുന്പുള്ള ശാന്തതയായിരുന്നു ഉറുഗ്വായ്‌ക്ക്. മഴമാറി സാൾട്ട്‌ലേക്കിൽ മാനം തെളിഞ്ഞപ്പോൾ ഉറുഗ്വായ്‌യുടെ ഭാവംമാറി. സാൾട്ട്‌ലേക്ക് പിന്നെ കണ്ട് ലോക ഫുട്‌ബോളിലെ പ്രഥമ ചാന്പ്യൻമാരുടെ ഗോൾമഴ. സൗഹൃദ ഫ-ുട്‌ബോളിൽ ഇന്ത്യക്ക് 6–1ന്റെ കനത്ത തോൽവിയുടെ പാഠം പകർന്ന് ലാറ്റിനമേരിക്കക്കാർ മടങ്ങി.
രണ്ട് തവണ ലോക ചാന്പ്യൻമാരായ ഉറുഗ്വായ്‌ക്കെതിരെ ഒരു ഗോൾ മടക്കാനായി എന്നതിൽ കോച്ച് ഖാലിദ് ജമീലിനും സംഘത്തിനും ആശ്വസിക്കാം. അനിരുദ്ധ് ഥാപ്പയാണ് ഗോൾ നേടിയത്. വിജയികൾക്കായി മാക്‌സി അറൗഹോ ഇരട്ടഗോളടിച്ചു. ഡാർവിൻ ന്യുനെസ്, റോഡ്രിഗോ സലാസർ, യുവാൻ മാനുവേൽ സനാബ്രിയ, റോഡ്രിഗോ അഗ്വയ്‌റേ എന്നിവർ പട്ടിക പൂർത്തിയാക്കി.
സൗഹൃദപ്പോരുകളിലെ കടുത്ത പരീക്ഷണമാണ് ഇന്ത്യ നേരിട്ടത്. രണ്ട് ദിവസം മുന്പ് ബ്രസീലുമായി നാല് ഗോളിന് തോറ്റെങ്കിലും ആദ്യഘട്ടത്തിലെ പ്രകടനത്തിന് കൈയടി കിട്ടിയിരുന്നു. ഉറുഗ്വായ്‌യുമായും ആദ്യഘട്ടത്തിൽ ഒപ്പത്തിനൊപ്പം പോരടിക്കാനായി. ആദ്യപകുതി അവസാനിക്കുന്പോൾ പത്ത് ഷോട്ടുകളാണ് ഇന്ത്യ പായിച്ചത്. ഉറുഗ്വായ് ഏഴും. ലക്ഷ്യത്തിലേക്ക് മൂന്ന് തവണ അടിതൊടുക്കാനും ഇന്ത്യക്ക് കഴിഞ്ഞു. ഇടവേളയ്‌ക്കുശേഷം കളിമാറി.
ലോക റാങ്കിങ്ങിലെ ഇരുപതാം സ്ഥാനക്കാർക്കെതിരെ ആശങ്കയില്ലാതെയായിരുന്നു ആതിഥേയരുടെ തുടക്കം. അൽപ്പമൊന്ന് അയഞ്ഞതിന് അപ്പോൾതന്നെ ശിക്ഷ കിട്ടി. പരംവീർ ബോക്‌സിൽ ഫെഡെറികോ വിന്യാസിനെ വീഴ്‌ത്തിയതിന് പെനൽറ്റി. കിക്ക് എടുത്ത ഡാർവിൻ ന്യുനെസ് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ കാഴ്‌ചക്കാരനാക്കി. അപ്രതീക്ഷിതമായി വഴങ്ങിയ പെനൽറ്റി ഗോളിൽ ഇന്ത്യ പതറിയില്ല. പൂർവാധികം ശക്തിയോടെ തിരിച്ചടിക്കാൻ ശ്രമിച്ചു. മറുവശത്ത് മാക്‌സി അറൗഹോയുടെ അടി പോസ്‌റ്റിൽത്തട്ടി തെറിച്ചു.
23–ാം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി. മധ്യവരയ്‌ക്ക് മുന്നിൽനിന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറിയ റയാൻ വില്യംസ് ബോക്‌സിനരികെവച്ച് അടിതൊടുത്തു. ഗോൾകീപ്പർ കർദോസോയുടെ കൈയിൽ പന്ത് ഒതുങ്ങിയില്ല. കാത്തുനിന്ന ഥാപ്പയ്‌ക്ക് തട്ടിയിടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയുടെ ചരിത്ര ഗോൾ. ആ നിമിഷം സ്‌കോർ 1–1 തെളിഞ്ഞു. 138–ാം റാങ്കുകാരായ ഇന്ത്യയുടെ മറുപടി ഗോളിൽ സാൾട്ട്‌ലേക്ക് കുലുങ്ങി. അടുത്ത നിമിഷം എഡ്‌മണ്ടിന് കിട്ടിയ അവസരം പാഴാക്കി. പിന്നാലെ ഇടിമിന്നലും മഴയും. കളി നിർത്തി.
മുക്കാൽ മണിക്കൂറിനുശേഷം വീണ്ടും കളമുണരുന്പോൾ ഇന്ത്യൻ സംഘത്തിന് താളം നഷ്ടമായിരുന്നു. 28–ാം മിനിറ്റിൽ ആഷിഖ് കുരുണിയനെ വെട്ടിച്ച് മുന്നേറിയ നാൻഡെസ് ഗോൾമുഖത്തേക്ക് ക്രോസ് തൊടുത്തു. അറൗഹോ അനായാസം ലക്ഷ്യം കണ്ടു. അടുത്ത നിമിഷം സ്‌പോർടിങ് താരം സുവർണാവസരം പാഴാക്കി. ന്യുനെസിന്റെ ഒറ്റയ്‌ക്കുള്ള മുന്നേറ്റത്തെ ഗുർപ്രീത് തടഞ്ഞു. കളി ഇടവേളയിലേക്ക്. ശേഷം ഇന്ത്യ ചിത്രത്തിൽനിന്ന് പൂർണമായും മറഞ്ഞു. അറൗഹോ ഇരട്ടഗോൾ പൂർത്തിയാക്കി. സലാസറും ലക്ഷ്യം കണ്ടു.
മാഞ്ചസ്‌റ്റർ യുണൈറ്റഡ് താരം -ഫകുണ്ടോ പെല്ലെസ്‌ട്രി എത്തിയതോടെ ഉറുഗ്വായ് ആക്രമണം ഒന്നുകൂടി തെളിഞ്ഞു. സനാബ്രിയക്കും അഗ്വയ്‌റേയ്‌ക്കും പെല്ലെസ്‌ട്രി അവസരമൊരുക്കി. മലയാളി താരം മുഹമ്മദ് സനാന്റെ ലോങ് റേഞ്ചർ മാത്രമാണ് ഇന്ത്യക്ക് അവസാനമായി ഓർക്കാനുണ്ടായത്.
ഇടിമിന്നൽ, മഴ;45 മിനിറ്റ് കളി മുടങ്ങി
ഇടിമിന്നലും കനത്ത മഴയും കാരണം ഇന്ത്യ– ഉറുഗ്വായ് സൗഹൃദ ഫുട്‌ബോൾ മത്സരം മുക്കാൽ മണിക്കൂർ മുടങ്ങി. 27–ാം മിനിറ്റിൽ ഹൈഡ്രേഷൻ ഇടവേളയ്‌ക്ക് പിരിയുന്ന ഘട്ടത്തിലാണ് ഇടിമിന്നൽ കാരണം കളിക്കാർ തിരിച്ചുകയറിയത്. പിന്നാലെ സാൾട്ട്‌ലേക്കിൽ കനത്ത മഴയുമെത്തി. ഫിഫ നിയമപ്രകാരം ഇടിമിന്നലിനെ തുടർന്ന് കളിനിർത്തുകയാണെങ്കിൽ 45 മിനിറ്റ് കഴിഞ്ഞ് മാത്രമേ വീണ്ടും തുടങ്ങാവൂ. പരിശോധനയ്‌ക്കുശേഷമാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്.









0 comments