print edition കൗമാരപ്പട ചൈനയിലേക്ക്; ഇന്ത്യ അണ്ടർ 20 ഫുട്‌ബോൾ ഏഷ്യൻ കപ്പിന്

താഷ്‌കെന്റ് : ഇരുപത് വർഷത്തിനുശേഷം ഇന്ത്യൻ അണ്ടർ 20 പുരുഷ ഫുട്‌ബോൾ ടീം ഏഷ്യൻ കപ്പിന്. ഉസ്‌ബെക്കിസ്ഥാനിൽ നടന്ന യോഗ്യതാ റൗണ്ടിൽ മികച്ച രണ്ടാം സ്ഥാനക്കാരായാണ് മഹേഷ് ഗാവ്‌ലി പരിശീലിപ്പിക്കുന്ന കൗമാരപ്പടയുടെ കുതിപ്പ്. നിർണായകമായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ മൂന്ന് ഗോളിന് തോൽപ്പിച്ചു. മൂന്ന് കളിയിൽ രണ്ട് ജയവും ഒരു തോൽവിയുമായി ആറ് പോയിന്റാണ്. മൂന്നും ജയിച്ച ഉസ്‌ബെക്കാണ് ഒന്നാമത്. എട്ട് ഗ്രൂപ്പ് ചാമ്പ്യൻമാർക്കും മികച്ച ഏഴ് രണ്ടാംസ്ഥാനക്കാർക്കുമാണ് അടുത്ത വർഷം ചൈനയിൽ നടക്കുന്ന വൻകരാ പോരിന് യോഗ്യത. മാർച്ച് 24 മുതൽ ഏപ്രിൽ 10 വരെയാണ് ചാമ്പ്യൻഷിപ്.
താഷ്‌കെന്റിലെ ദോസ്‌റ്റ്‌ലിക് സ്‌റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ ആദ്യപകുതിയിൽ ഡാനി ലയ്‌ഷ്‌റാമും ഇടവേള കഴിഞ്ഞ് വിശാൽ യാദവ്, എം ഡി അർബാഷ് എന്നിവരും ഇന്ത്യക്കായി ഗോളടിച്ചു. കളിയിലുടനീളം ടീം ആധിപത്യം പുലർത്തി. ജയിച്ചെങ്കിലും ഉസ്‌ബെക്കിസ്ഥാൻ–സിറിയ മത്സരം വരെ കാത്തിരിക്കേണ്ടിവന്നു ഇന്ത്യക്ക് യോഗ്യത നേടാൻ. സിറിയ ജയിച്ചിരുന്നെങ്കിൽ അവർക്കായിരുന്നു സാധ്യത. എന്നാൽ 3–0ന് ഉസ്‌ബെക്ക് മത്സരം സ്വന്തമാക്കി.
ഇന്ത്യ ആദ്യ കളിയിൽ സിറിയക്കെതിരെ ഒരു ഗോളിന് ജയിച്ചിരുന്നു. ഉസ്‌ബെകിനോട് നാല് ഗോളിന് തോറ്റു. 2006ൽ ആതിഥേയരെന്ന നിലയിൽ യോഗ്യത കിട്ടിയിരുന്നു. 1974ൽ ഇറാനൊപ്പം സംയുക്ത ചാമ്പ്യൻമാരായതാണ് മികച്ച നേട്ടം.
ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യൻമാർ.









0 comments