print edition കടക്കണം ഉറുഗ്വായ് കോട്ട

ഉറുഗ്വായ് ടീം കൊൽക്കത്ത സാൾട്ട്ലേക്ക് സ്--റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു /ഫോട്ടോ: പി വി സുജിത്
കൊൽക്കത്ത: നാല് ദിവസത്തിനിടെ ലോക ഫുട്‌ബോളിലെ മറ്റൊരു മുൻ ചാമ്പ്യൻമാരുടെ മുന്നിലേക്ക് ഇന്ത്യൻ ടീം. ഇന്ന് രാത്രി 7.30ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ പ്രഥമ ലോകകപ്പ് ജേതാക്കളായ ഉറുഗ്വായ് ആണ് എതിരാളി. അഞ്ച് തവണ ലോക ചാന്പ്യൻമാരായ ബ്രസീലിന് മുന്നിൽ പിടിച്ചുനിൽക്കാനായി എന്ന ആത്മവിശ്വാസത്തിലാണ് കോച്ച് ഖാലിദ് ജമീലും സംഘവും. ലോകകപ്പിലെ മോശം പ്രകടനത്തിനുശേഷം പുതിയ തുടക്കം കുറിക്കാനൊരുങ്ങുകയാണ് ഉറുഗ്വായ്.
വിനീഷ്യസ് ജൂനിയറും മാർക്വിന്യോസും എസ്‌തെവായോയുമൊക്കെ ഉൾപ്പെട്ട ബ്രസീലിനോട് നാല് ഗോളിനാണ് ഇന്ത്യ തോറ്റത്. ആദ്യഘട്ടങ്ങളിൽ പൊരുതിനിൽക്കാനായി. പിഴവുകളാണ് തിരിച്ചടിയായത്. പ്രതിരോധത്തിൽ മികച്ച പ്രകടനങ്ങൾ കണ്ടു. പിഴവുകളില്ലാതെ പന്ത് തട്ടിയാൽ ഉറുഗ്വായ്‌ക്കെതിരെ അത്ഭുതം കാട്ടാമെന്ന പ്രതീക്ഷയിലാണ് ഖാലിദ് ജമീൽ. ലോക റാങ്കിങ് പട്ടികയിൽ 20–ാം സ്ഥാനത്താണ് ഉറുഗ്വായ്.
പ്രതിരോധത്തിൽ അഭിഷേക് സിങ് തെകം, മധ്യനിരയിൽ മലയാളി താരം സഹൽ അബ്‌ദുൾ സമദ്, പകരക്കാരനായെത്തിയ അനിരുദ്ധ് ഥാപ്പ, മുന്നേറ്റത്തിൽ മൻവീർ സിങ്, റയാൻ വില്യംസ് എന്നിവർ ബ്രസീലിനെതിരെ ഒന്നാന്തരമായി പന്ത് തട്ടി. അതേസമയം, പരിചയസന്പന്നനായ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു, ആഷിഖ് കുരുണിയൻ, ആകാശ് മിശ്ര എന്നിവർ ശോഭിച്ചില്ല. പാനമ, ബ്രസീൽ ടീമുകൾക്കെതിരെ നടപ്പാക്കിയ ശൈലി തന്നെയാകും ഉറുഗ്വായ്‌മായുള്ള കളിയിലും പുറത്തെടുക്കുക.
ബ്രസീലിനെപ്പോലെതന്നെ ഉറുഗ്വായ് ടീമും പരിവർത്തന ഘട്ടത്തിലാണ്. മുൻ ക്യാപ്റ്റനും 2010 ലോകകപ്പിലെ ഗോൾഡൻ ബോൾ ജേതാവുമായ ദ്യേഗോ ഫോർലാനാണ് പരിശീലകൻ. കഴിഞ്ഞ ലോകകപ്പിൽ ആദ്യറൗണ്ടിലായിരുന്നു മുൻ ചാന്പ്യൻമാരുടെ പതനം. വിഖ്യാതനായ പരിശീലകൻ മാഴ്സെലോ ബിയേൽസയെ പുറത്താക്കുകയും ചെയ്‌തു.
അഞ്ച് പുതുമുഖങ്ങളാണ് ഫോർലാന്റെ സംഘത്തിൽ. റയൽ മാഡ്രിഡ് ക്യാപ്‌റ്റൻ ഫെ-ഡെറികോ വാൽവെർദെ പരിക്കുകാരണം ഇന്ത്യയിലേക്ക് വന്നില്ല. ലിവർപൂളിന്റെ പ്രതിരോധതാരം റൊണാൾഡ് അറൗഹോ, ലിവർപൂളിന്റെ മുൻതാരവും നിലവിൽ സൗദി ലീഗിൽ കളിക്കുന്ന മുന്നേറ്റക്കാരൻ ഡാർവിൻ ന്യൂനെസ്, ടോട്ടനം ഹോട്‌സ്‌പർ മധ്യനിരക്കാരൻ റോഡ്രിഗോ ബെന്റാങ്കുർ, മാഞ്ചസ്‌റ്റർ യുണൈറ്റഡ് താരങ്ങളായ ഫകുണ്ടോ പെല്ലിസ്‌ട്രി, ഗില്ലർമോ വരേല, അത്‌ലറ്റികോ മാഡ്രിഡ് പ്രതിരോധക്കാരൻ ഹോസെ മരിയ ഗിമിനസ് എന്നിവരാണ് പ്രധാനികൾ.
സന്നാഹ മത്സരത്തിൽ ഏഷ്യൻ കരുത്തൻമാരായ ജപ്പാനോട് 3–1ന് തോറ്റ ഫോർലാന്റെ സംഘം അവസാന കളിയിൽ ദക്ഷിണ കൊറിയയെ 4–1ന് തോൽപ്പിച്ചു.









0 comments