print edition സൗഹൃദ ഫുട്ബോളിൽ ഇന്ത്യക്ക് പുതിയ പാഠം ഇനിയുമെത്ര ദൂരം...

മെസിയുടെ വിടവാങ്ങൽ പ്രസംഗം കേട്ട് വിതുമ്പുന്ന അർജന്റീന താരങ്ങൾ
പ്രദീപ് ഗോപാൽ
Published on Oct 08, 2026, 12:25 AM | 1 min read
കൊൽക്കത്ത : മൂന്ന് മത്സരങ്ങൾ. അടിച്ചത് രണ്ട് ഗോൾ. വഴങ്ങിയത് 11. ഫി-ഫ രാജ്യാന്തര സൗഹൃദ -ഫുട്ബോളിലെ ഇന്ത്യയുടെ പ്രകടനം. പാനമയോട് പൊരുതിക്കളിച്ച് (1–1) തുടങ്ങിയ ഇന്ത്യ ഒടുവിൽ ഉറുഗ്വായ്‌യോട് 6–1ന് കനത്ത തോൽവി ഏറ്റുവാങ്ങി അവസാനിപ്പിക്കുന്നു. ഇതിനിടെ ബ്രസീലിനോട് നാല് ഗോളിന്റെ തോൽവിയും.
പരീക്ഷണങ്ങളുടെ, പ്രതീക്ഷകളുടെ 90 മിനിറ്റുകളായിരുന്നു ഖാലിദ് ജമീലിനും സംഘത്തിനും ഇൗ മൂന്ന് മത്സരങ്ങൾ. പക്ഷേ, എല്ലാം പൂർത്തിയാകുന്പോൾ ഒരു ചോദ്യം ഉയരുന്നു. മികവിലേക്കെത്താൻ ഇനിയും എത്ര ദൂരം സഞ്ചരിക്കണം ഇന്ത്യൻ ഫുട്‌ബോൾ.
ഇന്ത്യയിൽ ഫുട്‌ബോളിന്റെ ഇൗറ്റില്ലമായ കൊൽക്കത്തയിൽ വലിയ ആവേശമൊന്നും കണ്ടില്ല. കൊൽക്കത്ത ഡെർബിക്ക് നൽകുന്ന പ്രാധാന്യം അവർ ബ്രസീൽ മത്സരത്തിനുപോലും നൽകിയില്ല.
പ്രകടനത്തിൽ പാനമയോട് പൊരുതിയതാണ് ഓർക്കാനുള്ളത്. ഒരുവേള ജയിക്കാൻവരെ സാധ്യതയുണ്ടായിരുന്ന മത്സരം. മികച്ച പ്രതിരോധക്കളിക്കൊപ്പം പ്രത്യാക്രമണവും കണ്ടു. ബ്രസീലിനെതിരെ തുടക്കത്തിൽ പിടിച്ചുനിന്നു. പിന്നെ തകർന്നു.
ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് അവസാനിപ്പിക്കാനുളള സമയമായെന്ന സൂചനയും ആ കളി നൽകി. ഉറുഗ്വായ്‌യുമായും ഗുർപ്രീത് നിരാശപ്പെടുത്തി. വിശാൽ കെയ്‌ത്തിനെപ്പോലൊരു ഗോൾ കീപ്പർ പുറത്തുനിൽക്കുന്പോൾ ഗുർപ്രീതിന് ഇനിയും അവസരം കൊടുക്കരുതെന്ന് കൊൽക്കത്തക്കാർ രോഷത്തോടെ പറയുന്നു.
ഉറുഗ്വായ്‌യുമായുള്ള കളിയുടെ രണ്ടാംപകുതിയിൽ പ്രതിരോധ നിരയുടെ ദൗർബല്യം കൃത്യമായി തെളിഞ്ഞു. മധ്യനിരയ്‌ക്കും ഉറപ്പുണ്ടായില്ല. മുന്നേറ്റത്തിൽ ഓസ്‌ട്രേലിയൻ വംശജൻ റയാൻ വില്യംസിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയം. രാജ്യാന്തര താരത്തിന്റെ മിടുക്കുണ്ട് വില്യംസിന്. പാനമയ്‌ക്കെതിരെ ബിജോയ് വർഗീസും അൻവർ അലിയും അഭിഷേക് സിങ്ങും ഉൾപ്പെട്ട പ്രതിരോധം തിളങ്ങി.
ബ്രസീലിനെതിരെ സഹൽ അബ്‌ദുൾ സമദും മൻവീർ സിങ്ങും അനിരുദ്ധ് ഥാപ്പയുമായിരുന്നു ശ്രദ്ധേയപ്രകടനം പുറത്തെടുത്തത്. ഉറുഗ്വായ്‌മായുള്ള കളി ബാലപാഠത്തിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുപോക്കാണ്. എങ്കിലും പേടിക്കാതെ കളിക്കുന്ന ഒരു യുവനിര വളർന്നുവരുന്നതിൽ ഇന്ത്യക്ക് പ്രതീക്ഷിക്കാം.








0 comments