Deshabhimani

ഇന്ത്യ–ബ്രസീൽ 
ചരിത്രപ്പോരാട്ടം ഇന്ന്‌

print edition സ്വപ്ന രാത്രി

brazil

കൊൽക്കത്തയിലെ 
സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ ബ്രസീൽ ടീം പരിശീലനത്തിൽ / ഫോട്ടോ: പി വി സുജിത്

avatar
പ്രദീപ്‌ ഗോപാൽ

Published on Oct 03, 2026, 01:30 AM | 2 min read

കൊൽക്കത്ത : നമസ്‌തേ... കാർലോ ആൻസെലോട്ടി കൈകൂപ്പി. അഞ്ച് ലോക കിരീടങ്ങൾ, അഞ്ച്‌ നക്ഷത്രങ്ങളായി മഞ്ഞകുപ്പായത്തിൽ പതിപ്പിച്ച ബ്രസീൽ ടീമിന്റെ അമരക്കാരൻ. ഇന്ത്യൻ -ഫുട്‌ബോളിന്റെ സ്വപ്‌നനിമിഷങ്ങളിലേക്കാണ്‌ ആൻസെലോട്ടി കൈകൂപ്പി കടന്നുവരുന്നത്‌, ബ്രസീലും.


ചരിത്രമുറങ്ങുന്ന കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ ആദ്യമായി ബ്രസീൽ കാൽവയ്‌ക്കുന്നു. കളിയുടെ രണ്ട്‌ വിരുദ്ധ ധ്രുവങ്ങളിൽനിന്ന്‌ വരുന്ന ടീമുകളുടെ പോരാട്ടം. കിക്കോഫ്‌ ഇന്ന് രാത്രി 7.30ന്‌. വിനീഷ്യസ്‌ ജൂനിയറും ബ്ര‍ൂണോ ഗുയ്‌മറസും ഗബ്രിയേൽ മഗാലിയസും എൻഡ്രിക്കും മാർക്വിന്യോസും തുടങ്ങി ലോക ഫുട്‌ബോളിന്റെ വൻവേദികളിൽ പന്ത്‌ തട്ടുന്നവരാണ്‌ ബ്രസീൽ ടീമിൽ. ആറാം റാങ്കുകാർ. പന്തുമായി തെന്നിനീങ്ങുന്ന മജീഷ്യനാണ്‌ വിനീഷ്യസ്‌. പ്രതിരോധത്തിന്റെ കടുത്ത കോട്ടയിലെ ഒറ്റയാനാണ്‌ ഗബ്രിയേൽ. മധ്യനിരയിൽ ബ്ര‍ൂണോ ഗുയ്‌മറസുണ്ട്‌. പ്രതിരോധത്തിൽ പിഎസ്‌ജിയുടെ നായകൻ മാർക്വിന്യോസ്‌. എൻഡ്രിക്കും വെൻഡേഴ്‌സണും റയാനും ഗബ്രിയേൽ ബൊൺടെന്പോയും മ‍ൗ ജൂനിയറും തുടങ്ങി പുതുനിര. ‘ഞങ്ങളുടെ കാലം വരാനിരിക്കുന്നതേയുള്ളൂ‍’വെന്ന്‌ ആൻസെലോട്ടി പറയുന്നത്‌ ഇ‍ൗ നിരയെ നോക്കിയാണ്‌. പരീക്ഷണമല്ല, സ്വയം തെളിയിക്കാനുള്ള അവസരമാണ്‌ അവർക്ക്‌ ഇ‍ൗ വേദി. പെലെയും നെയ്‌മറും വിനീഷ്യസും നടന്ന വഴികളിലേക്കാണ്‌ മറ്റൊരു നിര കൂടി കടന്നുവരുന്നത്‌.


ലോകകപ്പിനുശേഷം ഗോൾകീപ്പിങ്ങിലും പ്രതിരോധത്തിലുമാണ്‌ ബ്രസീലിന്റെ പ്രകടമായ മാറ്റം. അലിസൺ ബെക്കറും എഡേഴ്‌സണും വെവെർട്ടണും ഗോൾവലയ്‌ക്ക്‌ മുന്നിലില്ല. കൊർടിബ ക്ലബിന്റെ മൊറിസ്‌കയെയാണ്‌ ഗോൾവലയ്‌ക്ക്‌ മുന്നിൽ ആൻസെലോട്ടി പ്രതീക്ഷയോടെ കാണുന്നത്‌. കൊറിന്ത്യൻസിന്റെ ഹ്യൂഗോ സോസയ്‌ക്കാണ്‌ നിലവിൽ ചുമതല. പ്രതിരോധത്തിലും മാറ്റംവന്നു. ആർതർ ഡയസ്‌, ജയ്‌ർ, മതുവേസീന്യോ, മ‍ൗറോ ജൂനിയർ എന്നിവരെയാണ്‌ പ്രതിരോധത്തിൽ പുതുതായി കൊണ്ടുവന്നത്‌. ബ്രസീൽ ഫുട്‌ബോളിന്റെ തലമുറമാറ്റത്തിനാണ്‌ കൊൽക്കത്ത സാക്ഷിയാകുക.


കാലങ്ങൾക്ക്‌ മുന്പ്‌ ‘ഏഷ്യയുടെ ബ്രസീൽ’ എന്നൊരു വിശേഷണമുണ്ടായിരുന്നു ഇന്ത്യൻ ടീമിന്‌. 1962 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ കാലം. ഇന്ന്‌ ലോക -ഫുട്‌ബോളിന്റെ വിശാലവേദിയിൽ ഇന്ത്യയില്ല. ഏഷ്യൻ കപ്പിന്‌ പോലും യോഗ്യതയില്ല. 138–ാം റാങ്ക്‌. എങ്കിലും ബ്രസീലിനെപ്പോലെതന്നെ പരിവർത്തന കാലഘട്ടമാണ്‌ ഇന്ത്യൻ ഫുട്‌ബോളിനും. ഖാലിദ്‌ ജമീലെന്ന കർക്കശക്കാരനായ പരിശീലകന്‌ കീഴിൽ അച്ചടക്കമുള്ള നിരയായി വളരുകയാണ്‌. ലോക നാൽപ്പത്തിനാലാം റാങ്കുകാരായ പാനമയ്‌ക്കെതിരെ നേടിയ 1–1ന്റെ സമനില ആൻസെലോട്ടിക്ക്‌ പോലും മതിപ്പുണ്ടാക്കി. യുവരക്തമാണ്‌ ടീമിന്റെ ഉ‍ൗർജം. മലയാളിയായ ബിജോയ്‌ വർഗീസും അൻവർ അലിയും അണിനിരക്കുന്ന പ്രതിരോധം ശ്രദ്ധ പിടിച്ചുപറ്റി. മുന്നേറ്റത്തിൽ ഓസ്‌ട്രേലിയൻ വംശജൻ റയാൻ വില്യംസിന്റെ മൂർച്ചയുണ്ട്‌. ആഷിഖ്‌ കുരുണിയനും ഷബോങ്ങും അപുയ്‌യും ആക്രമണത്തിലേക്ക്‌ വഴിവെട്ടും. സഹൽ അബ്‌ദുൾ സമദും അനിരുദ്ധ്‌ ഥാപ്പയും ജയ്‌ ഗുപ്‌തയുമെല്ലാം പകരക്കാരുടെ നിരയിലുണ്ട്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home