ഹാലണ്ട് ഗോളടി തുടരുന്നു; സിറ്റിക്ക് ജയം

ലണ്ടൻ: എർലിങ് ഹാലണ്ട് വീണ്ടും കളം കീഴടക്കുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഇരട്ട ഗോളുമായി ഹാലണ്ട് തിളങ്ങിയപ്പോൾ വെസ്റ്റ്‌ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് മാഞ്ചസ്‌റ്റർ സിറ്റി തകർത്തത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിലും 69-ാം മിനിറ്റിലുമാണ് നോർവെക്കാരൻ ടീമിനായി ഗോൾ കണ്ടെത്തിയത്. ഇതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 17 കളിയിൽ നിന്ന് 19 ഗോളായി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ വേഗത്തിൽ നൂറ് ഗോൾ പൂർത്തിയാക്കിയ റെക്കോഡ് മാഞ്ചസ്‌റ്റർ സിറ്റി മുന്നേറ്റക്കാരൻ നേരത്തെ സ്വന്തമാക്കിയിരുന്നു. 111 കളിയിലാണ് നേട്ടം. 1995ൽ അലൻ ഷിയറർ കുറിച്ച റെക്കോഡ് തിരുത്തി. 125 കളിയിലായിരുന്നു ഷിയററുടെ നേട്ടം. 2022ലാണ് ഹാലണ്ട് സിറ്റിയിലെത്തിയത്. ആ സീസണിൽ അടിച്ചുകൂട്ടിയത് 36 ഗോൾ. അടുത്ത വർഷം 27 എണ്ണം. കഴിഞ്ഞ സീസണിൽ 22 ഗോളുകളും നേടി.
അതേസമയം പോയന്റ് പട്ടികയിൽ പിന്നിലുള്ള വെസ്റ്റ്‌ഹാം യുണൈറ്റഡിനെതിരെ തുടക്കം മുതൽ സിറ്റി ആക്രമിച്ചാണ് കളിച്ചത്. പന്തടക്കത്തിലും ഗോൾ ശ്രമങ്ങളിലുമെല്ലാം സിറ്റിയാണ് മുന്നിൽ. ഹാലണ്ടിന് പുറമെ 38-ാം മിനിറ്റിൽ ടിയാനി റൈൻഡേഴ്സിൻറെ വകയായിരുന്നു ടീമിൻറെ മൂന്നാം ഗോൾ.










0 comments