ad
Deshabhimani

print edition ഇന്ത്യൻ ഫുട്ബോൾ ലീഗ് ; ഒരുങ്ങി ഗോകുലം

gokulam fc

ഗോകുലം കേരള എഫ്‌സി പയ്യനാട് സ്റ്റേഡിയത്തില്‍ പരിശീലനത്തില്‍

avatar
പി അഭിഷേക്‌

Published on Feb 20, 2026, 03:49 AM | 1 min read


മലപ്പുറം

പ്രതാപം തിരിച്ചുപിടിക്കാൻ ഗോകുലം കേരള എഫ്‌സി തയ്യാറെടുക്കുന്നു. കേരളത്തിൽ നിന്നുള്ള ഏക ടീം അഞ്ച്‌ മാസത്തെ പരിശീലനത്തിനുശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ലീഗില്‍ ഹോംഗ്രൗണ്ട് മാറ്റവും പ്രഖ്യാപിച്ചു. പുതിയ സീസണില്‍ മലപ്പുറം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയമാകും സ്വന്തം മൈതാനം. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്‌റ്റേഡിയമായിരുന്നു ഹോം ഗ്ര‍ൗണ്ട്‌.


രണ്ടാം ഡിവിഷൻ ടൂർണമെന്റായ ഐ ലീഗ്‌ ഇക്കുറി പേരുമാറ്റി ഇന്ത്യന്‍ ഫുട്ബോള്‍ ലീഗാണ്‌. കഴിഞ്ഞ മൂന്ന് സീസണിലും നഷ്ടമായ കിരീടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. 2020–21ലും 2021–22ലും ചാമ്പ്യന്മാരായിരുന്നു. കഴിഞ്ഞതവണ നാലാംസ്ഥാനത്തായി. അതിനുമുമ്പ്‌ രണ്ട്‌ തവണയും മുന്നാമസ്ഥാനം. 2023–24ല്‍ പയ്യനാടായിരുന്നു ഹോംഗ്രൗണ്ട്. ആദ്യറൗണ്ടില്‍ ഒമ്പത് കളിയാണ് ഗോകുലത്തിനുള്ളത്. അഞ്ചും ഹോം ഗ്രൗണ്ടിലാണ്. ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്ന 27ന് ഐസ്വാൾ ചാൻമാരി എഫ്സിയെ അവരുടെ തട്ടകത്തില്‍ നേരിടും. പിന്നീടുള്ള അഞ്ചുകളിയും ഹോംഗ്രൗണ്ടിലാണ്. മാര്‍ച്ച് ഏഴിനാണ് പയ്യനാട്ടെ ആദ്യമത്സരം. പഞ്ചാബ് നാംധാരി എഫ്സിയാണ് എതിരാളി. മാര്‍ച്ച് 14, 20, 26, 31 തിയതികളിലും ഇവിടെ മത്സരമുണ്ട്‌. ഏപ്രില്‍ ഏഴ്, 12, 18 തിയതികളില്‍ എവേ മാച്ചുകളാണ്.


ഗോവക്കാരന്‍ ഡെറിക് പെരേരയാണ് മുഖ്യപരിശീലകൻ. കണ്ണൂരുകാരന്‍ സി എം രഞ്ജിത്ത് സഹപരിശീലകനാണ്. 12 മലയാളികളും അഞ്ച് വിദേശതാരങ്ങളും ഉൾപ്പെടുന്ന ടീം ഉടൻ പ്രഖ്യാപിക്കും. ഐഎസ്എല്‍ താരങ്ങളായ ഷിബിന്‍ രാജ്, അതുല്‍ ഉണ്ണികൃഷ്ണന്‍, എന്‍ ഷിഗില്‍, എമില്‍ ബെന്നി, സോയല്‍ ജോഷി, സൂപ്പര്‍ലീഗ് കേരള താരം എ കെ കമാലുദ്ദീന്‍, പി റിഷാദ്, നിധിന്‍ തുടങ്ങിയ മലയാളികള്‍ ടീമിലുണ്ട്. സൂപ്പര്‍ലീഗ് കേരളയിലെ മലപ്പുറം എഫ്സി താരം ബ്രസീലിന്റെ ജോണ്‍ കെന്നഡി, സ്‌പെയിനിന്റെ നിലി പെര്‍ഡോമോ, ഉസ്ബെകിസ്ഥാന്റെ കസിമോവ്, ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ലെസോത്തോയുടെ തബീസോ, അഫ്ഗാനിസ്ഥാന്റെ ആമിദ് എന്നീ വിദേശ താരങ്ങളും ഇത്തവണ ടീമിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home