ബ്രസീൽ ടീമിൽ വിനീഷ്യസ്, റഫീന്യ, കാസെമിറോ
print edition ഇന്ത്യ x ബ്രസീൽ; ഒക്‌ടോബർ മൂന്നിന് കൊൽക്കത്തയിൽ

ബ്രസീൽ ഫുട്ബോൾ ടീം പരിശീലനത്തിൽ (ഫയൽ)
കൊൽക്കത്ത: ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രത്തിലേക്ക് ഒരു മത്സരം. അഞ്ചുവട്ടം ലോകചാമ്പ്യൻമാരായ ബ്രസീൽ ഇന്ത്യയുമായി ഏറ്റുമുട്ടുന്നു. ഒക്‌ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. സമയം പിന്നീടറിയിക്കും. ഇതാദ്യമായാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. ബ്രസീലിന്റെ ഏഷ്യൻ പര്യടനത്തിന്റെ ഭാഗം കൂടിയാണ് ഫിഫ രാജ്യാന്തര ഇടവേളയിലെ ഇൗ പോരാട്ടം.
ലോകറാങ്കിങ്ങ് നടപ്പാക്കിയശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും ഉയർന്ന സ്ഥാനക്കാരാണ് ബ്രസീൽ. നിലവിൽ അഞ്ചാമതാണ് ലാറ്റിനമേരിക്കൻ കരുത്തർ. ഇന്ത്യയുടേത് 138. സെപ്‌തംബർ 25നും 29നും ഓസ്‌ട്രേലിയയുമായി കാനറികൾക്ക് മത്സരമുണ്ട്. അതിന് ശേഷമായിരിക്കും ബ്രസീൽ ടീമിന്റെ ആദ്യ ഇന്ത്യൻയാത്ര.
ഇരു രാജ്യങ്ങളുടെയും ഫുട്‌ബോൾ ഫെഡറേഷനുകളാണ് മത്സര വിവരം പുറത്തുവിട്ടത്. ‘ഇന്ത്യ എക്കാലവും വലിയ ബ്രസീൽ ആരാധകരുള്ള നാടാണ്. ഞങ്ങൾക്കവിടെ വരാൻ കഴിയുന്നതിൽ അഭിമാനമുണ്ട്. ടീമിനെയും ഞങ്ങളുടെ കളിക്കാരെയും വലിയ രീതിയിൽ ബഹുമാനിക്കുന്ന ജനതയാണ്. ഇത് സന്തോഷ നിമിഷമാണ്’–ബ്രസീൽ ഫെഡറേഷൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ലോകകപ്പ് പ്രീക്വാർട്ടറിൽ നോർവെയോട് തോറ്റ് പുറത്തായശേഷം ആദ്യമായാണ് ബ്രസീൽ കളത്തിലെത്തുന്നത്. കാർലോ ആൻസെലോട്ടി പരിശീലിപ്പിക്കുന്ന ടീമിൽ വിനീഷ്യസ് ജൂനിയർ, റഫീന്യ, കാസെമിറോ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാമുണ്ടാകും.









0 comments