Deshabhimani

യൂറോപ്പ്യൻ ഫുട്ബോൾ ലീഗുകൾക്ക് തുടക്കം; ആദ്യം ലാ ലിഗ

leauge football starting

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 10, 2026, 03:47 PM | 2 min read

ലണ്ടൻ: ഫിഫ ലോകകപ്പ് ആവേശത്തിന് പിന്നാലെ യൂറോപ്പിലെ പ്രധാന ഫുട്ബോൾ ലീഗുകൾ പുതിയ സീസണിലേക്ക്. യൂറോപ്പിലെ മുൻനിര ലീഗുകളായ ലാ ലിഗ, പ്രീമിയർ ലീഗ്, ലീഗ് വൺ, സീരി എ, ബുണ്ടസ്‌ലിഗ എന്നിവ ആഗസ്ത് 15 മുതൽ വിവിധ ദിവസങ്ങളിലായി ആരംഭിക്കും.


ആഗസ്ത് 15 ന് ലാ ലിഗ


യൂറോപ്പിലെ മുൻനിര അഞ്ച് ലീഗുകളിൽ ആദ്യം തിരിച്ചെത്തുന്നത് സ്പാനിഷ് ലാ ലിഗയാണ്. ആഗസ്ത് 15 ന് അലാവെസ് ടീം ഗെറ്റാഫെയെ നേരിടുന്നതോടെയാണ് പുതിയ സീസണിന് തുടക്കമാകുന്നത്.


നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയുടെ ആദ്യ മത്സരം അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെയാണ്. ലോകകപ്പിൽ പങ്കെടുത്ത താരങ്ങളുടെ എണ്ണം ടീമിൽ കൂടുതലായതിനാൽ ആഗസ്ത് 27 ലേക്ക് മത്സരം മാറ്റിയിട്ടുണ്ട്.


പ്രീമിയർ ലീഗ് ആഗസ്ത് 22 ന്


നിലവിലെ ചാമ്പ്യന്മാരായ ആഴ്സണൽ ആഗസ്ത് 22 ന് പ്രമോട്ടഡ് ടീമായ കോവൻട്രി സിറ്റിക്കെതിരെ ഇറങ്ങുന്നതോടെ പ്രീമിയർ ലീഗ് സീസണിന് തുടക്കമാകും. ഇതിന് അഞ്ച് ദിവസം മുമ്പ് ആഗസ്ത് 16 ന് ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും കമ്മ്യൂണിറ്റി ഷീൽഡിൽ ഏറ്റുമുട്ടും. കാർഡിഫിലെ പ്രിൻസിപ്പാലിറ്റി സ്റ്റേഡിയമാണ് മത്സരവേദി.


ആഗസ്ത് 22 ന് ഫ്രാൻസിലെ ലീഗ് വണ്ണിന് തുടക്കം


ഫ്രാൻസിലെ ലീഗ് വൺ ആഗസ്ത് 22ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ മാർസെയ്ൽ ടീം സ്ട്രാസ്ബർഗിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ആഗസ്ത് 24 ന് റെന്നെസിനെതിരെ കിരീട പ്രതിരോധം തുടങ്ങും. ഇതിന് മുമ്പ് ആഗസ്ത് 17 ന് പിഎസ്ജി ടീം ലെൻസിനെതിരെ ട്രോഫി ഡെസ് ചാംപ്യൻസിൽ ഏറ്റുമുട്ടും.


ഇറ്റലിയിലെ സീരി എയും ആഗസ്ത് 22 ന്


ഇറ്റലിയിലെ സീരി എയും ആഗസ്ത് 22 ന് ആരംഭിക്കും. ഇന്റർ മിലാൻ-മോൻസ ടീമുകളുടെയും, ഉഡിനീസെ-കോമോ ടീമുകളുടെയും മത്സരങ്ങളാണ് ആദ്യ ദിനത്തിലെ ശ്രദ്ധേയ പോരാട്ടങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിലാൻ കിരീടം നിലനിർത്താനാണ് ഇറങ്ങുന്നത്.


ബുണ്ടസ്‌ലിഗ ആഗസ്ത് 29 ന്


യൂറോപ്പിലെ മുൻനിര അഞ്ച് ലീഗുകളിൽ ഏറ്റവും ഒടുവിൽ ആരംഭിക്കുന്നത് ജർമൻ ബുണ്ടസ്‌ലിഗയാണ്. ആഗസ്ത് 29 ന് നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് സ്വന്തം തട്ടകത്തിൽ വിഎഫ്ബി സ്റ്റ്യൂട്ട്ഗാർട്ടിനെ നേരിടും.


സെപ്തംബറിൽ യൂറോപ്പ ലീഗ്


സെപ്തംബറിൽ യൂറോപ്പ ലീഗ് ആരംഭിക്കും. യൂറോപ്പ ലീഗിന്റെ ലീഗ് ഘട്ടത്തിൽ സെപ്തംബർ 16, 17 തീയതികളിലാണ് ആദ്യ മാച്ച്‌ഡേ മത്സരങ്ങൾ നടക്കുക. നിലവിലെ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ആസ്റ്റൺ വില്ല കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനിറങ്ങും.


യൂറോപ്പിലെ ക്ലബ് ഫുട്ബോൾ വീണ്ടും സജീവമാകുന്നതോടെ ആരാധകരെ കാത്തിരിക്കുന്നത് ആവേശകരമായ മറ്റൊരു സീസണാണ്. ആഭ്യന്തര ലീഗുകളിലെ കിരീടപ്പോരാട്ടങ്ങൾക്കൊപ്പം ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങളും ആരംഭിക്കുന്നതോടെ യൂറോപ്യൻ ഫുട്ബോൾ കലണ്ടർ വീണ്ടും തിരക്കിലാകും.


നിലവിലെ ചാമ്പ്യന്മാർ കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ പുതിയ ടീമുകളും താരങ്ങളും വലിയ വേദിയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള പോരാട്ടത്തിലാകും. പുതിയ സീസണിൽ ആരാകും യൂറോപ്പിന്റെ ഫുട്ബോൾ രാജാക്കന്മാരാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home