യുസിഎൽ സെമിക്ക് മുന്നേ പ്രീമിയർ ലീഗിൽ ആഴ്‌സണലിന് ബൗൺമത്ത് ഷോക്ക്

ഗോൾ നേടിയ ബൗൺമൗത്ത് താരങ്ങളുടെ ആഹ്ലാദം. PHOTO: Facebook/AFC Bournemouth

Sports Desk
Published on May 04, 2025, 09:41 AM | 1 min read
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമിയിൽ പിഎസ്‌ജിയോട് ഏറ്റുമുട്ടാനിരിക്കെ ആഴ്‌സണലിന് പ്രീമിയർ ലീഗിൽ തോൽവി. പോയിന്റ് പട്ടികയിലെ എട്ടാം സ്ഥാനക്കാരായ എഎഫ്‌സി ബൗൺമത്തിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഗണ്ണേഴ്‌സ് പരാജയപ്പെട്ടു. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ആഴ്‌സണൽ ബൗൺമൗത്തിനോട് അടിയറവ് പറഞ്ഞത്.
37–ാം മിനുട്ടിൽ മധ്യനിരക്കാരൻ ഡെക്ലൻ റൈസ് നേടിയ ഗോളിൽ ആഴ്‌സണൽ മുന്നിലെത്തിയതായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ബൗൺമൗത്ത് ശക്തമായി തിരിച്ചടിച്ചതോടെ ഗണ്ണേഴ്‌സിന് തോൽവി സമ്മതിക്കേണ്ടി വന്നു. 67, 75 മിനുട്ടുകളിലായിരുന്നു ബൗൺമൗത്തിന്റെ ഗോളുകൾ. ഡീൻ ഹോയ്‌സൺ, ഏവനിൽസൺ എന്നിവരാണ് ബൗൺമൗത്തിന്റെ ഗോൾ സ്‌കോറർമാർ.
പ്രീമിയർ ലീഗ് പട്ടികയിൽ കിരീടമുറപ്പിച്ച ലിവർപൂളിന് പിന്നാലെ രണ്ടാമതാണ് ആഴ്‌സണൽ. 35 കളിയിൽ നിന്ന് 64 പോയിന്റാണ് ഗണ്ണേഴ്‌സിന്റെ സമ്പാദ്യം. മുൻ വർഷത്തെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റയാണ് പട്ടികയിൽ മൂന്നാമത്. 35 കളിയിൽ നിന്ന് 64 പോയിന്റ്. തുടർന്നുള്ള മത്സരങ്ങളിൽ സിറ്റിയേക്കാൾ മികച്ച ഫലം ഉണ്ടാക്കിയാൽ മാത്രമേ ആഴ്‌സണലിന് ലീഗിലെ രണ്ടാം സ്ഥാനം നിലനിർത്താൻ സാധിക്കുകയുള്ളൂ.
മാർച്ച് ഏഴിന് രാത്രിയാണ് പിഎസ്‌ജിയുമായുള്ള ചാമ്പ്യൻസ് ലീഗിലെ ആഴ്‌സണലിന്റെ രണ്ടാം പാദ സെമി. ആഴ്‌സണിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് ഗണ്ണേഴ്‌സ് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പിഎസ്‌ജിയുടെ തട്ടകത്തിൽ നടക്കുന്ന അടുത്ത മത്സരം ആഴ്‌സണലിന് വളരെ നിർണായകമാണ്.
0 comments