റയലിനെ വീഴ്ത്തി ബയേൺ; അഴ്‌സണലിനും ആശ്വാസം: ചാമ്പ്യൻസ് ലീഗ് സെമി ചിത്രം തെളിഞ്ഞു

സെമിയിലെത്തിയ ബയേൺ മ്യൂണിക്കിന്റെ ആഹ്ലാദം. Photo credit: FC Bayern München facebook
മ്യൂണിക് : ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ചാമ്പ്യൻസ് ലീഗ് സെമി ചിത്രം തെളിഞ്ഞു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ചിരവൈരികളുടെ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ തകർത്ത് ബയേൺ മ്യൂണിക് സെമി ടിക്കറ്റ് നേടി. ബയേണിന്റെ തട്ടകമായ അലയൻസ് അരീന ( Allianz Arena (Munich, Germany) യിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ 4-3നാണ് റയലിനെ വീഴ്ത്തിയത്. രണ്ട് പാദങ്ങളിലുമായി 6- 4 എന്ന സ്കോറോടെയാണ് ബയേൺ സെമിയിലെത്തിയത്.
പതിനഞ്ച് തവണ യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് സ്വന്തം തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ 1-2 നാണ് തോറ്റത്. സ്‌പാനിഷ് ലീഗിലും തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയ സമ്മർദ്ദത്തിൽ ഇറങ്ങിയ ടീമിന് ആദ്യപകുതിയിൽ കളിയിൽ ആധിപത്യം പുലർത്താൻ സാധിച്ചെങ്കിലും പിന്നീട് മികവ് പ്രകടിപ്പിക്കാനായില്ല. ഒരു ഘട്ടത്തിൽ 3-2ന് റയൽ മുന്നിലെത്തിയെങ്കിലും അവസാന നിമിഷത്തിൽ രണ്ട് ഗോളടിച്ച് ബയേൺ മുൻ ചാമ്പ്യൻമാരെ പുറത്താക്കി.
പിഎസ്ജിയാണ് സെമിയിൽ ബയേണിന്റെ എതിരാളികൾ. ലിവർപൂളിനെ വീഴ്ത്തിയാണ് പിഎസ്ജി സെമിഫൈനലിലെത്തിയത്. രണ്ടാം പാദ ക്വാർട്ടറിലും എതിരില്ലാത്ത രണ്ടു ഗോളിനാണ് പിഎസ്ജി ജയിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി 4- 0 ത്തിന്റെ അനായാസ ജയവുമായാണ് നിലവിലെ ചാമ്പ്യന്മാർ സെമയിലേക്ക് കടന്നത്.
മറ്റൊരു മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബണുമായി സമനിലയിൽ പിരിഞ്ഞതോടെ ആദ്യ പാദ സ്കോറിന്റെ അടിസ്ഥാനത്തിൽ അഴ്സണലും സെമി ടിക്കറ്റുറപ്പിച്ചു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ ആദ്യ പാദത്തിൽ നേടിയ ഒരു ഗോളിന്റെ മുൻതൂക്കത്തിലാണ് ഇംഗ്ലീഷ് വമ്പൻമാർ സെമിയിലെത്തിയത്. ബാഴ്സയെ തോൽപ്പിച്ചെത്തിയ അത്‌ലറ്റികോ മാഡ്രിഡാണ് അഴ്സണലിന്റെ എതിരാളികൾ. രണ്ടാംപാദ ക്വാർട്ടറിൽ അത്‌ലറ്റികോ മാഡ്രിഡിനെ 2-1നാണ് ബാഴ്സ തോൽപ്പിച്ചെങ്കിലും ആദ്യപാദത്തിൽ 2–0നു തോറ്റത് ബാഴ്സയ്ക്ക് വിനയായി. രണ്ട് പാദങ്ങളിലുമായി 3-2 സ്കോറിൽ അത്‌ലറ്റികോ സെമിയിലെത്തി.
ഏപ്രിൽ 28/29, മെയ് 5/6 ദിവസങ്ങളിലായി സെമി ഫൈനലും ബുഡാപെസ്റ്റിൽ മെയ് 30ന് ഫൈനലും നടക്കും.
സെമി ലൈനപ്പ്
ആദ്യപാദം - ഏപ്രിൽ 29
പിഎസ്ജി x ബയേൺ മ്യൂണിക്
പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയം Parc des Princes (Paris, France)
ഏപ്രിൽ 30
അത്‌ലറ്റികോ മാഡ്രിഡ് x അഴ്സണൽ
മെട്രോപൊളിറ്റാനോ സ്റ്റേഡിയം Cívitas Metropolitano (Madrid, Spain)
രണ്ടാംപാദം - മെയ് 6
അഴ്സണൽ x അത്‌ലറ്റികോ മാഡ്രിഡ്
എമിറേറ്റ്സ് സ്റ്റേഡിയം Emirates Stadium (London, England)
മെയ് 7
ബയേൺ മ്യൂണിക് x പിഎസ്ജി
അലയൻസ് അരീന ( Allianz Arena (Munich, Germany)











0 comments