print edition ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ; റയൽ കടന്ന് സിറ്റി

റയൽ മാഡ്രിഡിനെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ
മാഡ്രിഡ്
റയൽ മാഡ്രിഡിന് തല ഉയർത്താനാകുന്നില്ല. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയോട് 2–1ന് തോറ്റു. മുന്നിട്ടുനിന്നശേഷമായിരുന്നു സാന്റിയാഗോ ബെർണബ്യൂവിലെ തോൽവി. സ്വന്തംതട്ടകത്തിൽ തുടർച്ചയായ രണ്ടാം തോൽവിയാണ്. അവസാന എട്ട് കളിയിൽ രണ്ട് ജയം മാത്രമാണുള്ളത്. ഇതോടെ പരിശീലകൻ സാബി അലോൺസോയുടെ സ്ഥാനവും ഭീഷണിയിലായി.
സിറ്റിക്കെതിരെ റോഡ്രിഗോയിലൂടെ മുന്നിലെത്തിയിരുന്നു. വൈകാതെ നികോ റെയ്‌ലി സമനിലഗോൾ കണ്ടെത്തി. ഇടവേളക്ക് മുമ്പ് പെനൽറ്റിയിലൂടെ എർലിങ് ഹാലണ്ട് സന്ദർശകരുടെ വിജയഗോളും നേടി.
മറ്റ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജിയെ അത്‌ലറ്റിക് ബിൽബാവോ ഗോളടിക്കാതെ തളച്ചു. അഴ്‌സണൽ 3–0ന് ക്ലബ് ബ്രുജിനെ തകർത്തു. പാഫോസിനെതിരെ യുവന്റസ് രണ്ട് ഗോളിന് ജയംപിടിച്ചു. ബയേർ ലെവർകൂസനും ന്യൂകാസിൽ യുണൈറ്റഡും 2–2ന് പിരിഞ്ഞപ്പോൾ ബെൻഫിക്ക 2–0ന് നാപോളിയെ മറികടന്നു.
സിറ്റിക്കെതിരെ നല്ല തുടക്കമായിരുന്നു റയലിന്. എന്നാൽ പതിയെ കളി കൈവിട്ടു. പരിക്കേറ്റ സൂപ്പർതാരം കിലിയൻ എംബാപ്പെ ഇല്ലാത്തത് ബാധിച്ചു. മുന്നേറ്റം തീർത്തും മങ്ങി. ലക്ഷ്യത്തിലേക്ക് ആകെ രണ്ട് ഷോട്ട് മാത്രമാണ് പായിക്കാനായത്. പന്ത് നിയന്ത്രണത്തിലും മുന്നേറ്റത്തിലുമെല്ലാം സിറ്റിയായിരുന്നു മുന്നിൽ. ബ്രുജിനെതിരെ അഴ്‌സണലിനായി നോനി മദുവെകെ ഇരട്ടഗോൾ നേടി. ഗബ്രിയേൽ മാർട്ടിനെല്ലിയും ലക്ഷ്യം കണ്ടു.
ചാമ്പ്യൻസ് ലീഗിൽ പീരങ്കിപ്പടയുടെ തുടർച്ചയായ ആറാം ജയമാണ്. 18 പോയിന്റുമായി ഒന്നാംസ്ഥാനത്തുണ്ട്. ബയേൺ മ്യൂണിക്കാണ് (15) രണ്ടാമത്. പിഎസ്‌ജി (13) മൂന്നും സിറ്റി (13) നാലും സ്ഥാനത്താണ്. റയൽ 12 പോയിന്റോടെ ഏഴാമതാണ്.










0 comments