ചാമ്പ്യൻസ് ലീഗ്: യുണൈറ്റഡിനെ തകർത്ത് അത്ലറ്റികോ; ബയേണിന് സമനില കുരുക്ക്, ഇന്ററിന് തോൽവി

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകർത്ത് അത്ലറ്റികോ മാഡ്രിഡ് മുന്നേറി. ബയേൺ മ്യൂണിക്കിനെ സമനിലയിൽ പിടിച്ച് വൈക്കിങ് ഞെട്ടിച്ചപ്പോൾ ഇന്റർ മിലാനെ വീഴ്ത്തി ക്ലബ് ബ്രൂഗ് ചരിത്ര വിജയം കുറിച്ചു.
യുണൈറ്റഡിന് തുടക്കത്തിൽ തന്നെ ഷോക്ക് നൽകിയാണ് അത്ലറ്റികോ തുടങ്ങിയത്. ഡീഗോ സിമിയോണിയുടെ ടീം ആദ്യ മിനിറ്റിൽ തന്നെ ലീഡ് നേടി. പാബ്ലോ ബാരിയോസ് ആണ് ടീമിന് ലീഡ് നേടികൊടുത്തത്. 74-ാം മിനിറ്റിൽ യുണൈറ്റഡ് താരം ലെനി യോറോ ചുവപ്പ് കാർഡ് പുറത്തായതോടെ കളി പൂർണ്ണമായും അത്ലറ്റികോയുടെ കൈയിലായി. പിന്നാലെ 79-ാം മിനിറ്റിൽ അഡെമോള ലുക്ക്മാൻ ടീം ലീഡ് ഉയർത്തി.
വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ (3-3) സമനിലയിൽ തളച്ചാണ് വൈക്കിങ് ഞെട്ടിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണം അഴിച്ചുവിട്ട വൈക്കിങ് രണ്ടാം മിനിറ്റിൽ തന്നെ ലീഡ് നേടി. സ്റ്റെൻസ്നെസാണ് ടീമിനായി ഗോൾ നേടിയത്. 38-ാം മിനിറ്റിൽ ക്രിസ്ത്യൻസെനും ഗോൾ നേടിയതോടെ ആദ്യ പകുതയിൽ 2-0ന് വൈക്കിങ് മുന്നിട്ടുനിന്നു. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച ബയേൺ മ്യൂൺ തുടർച്ചായി മൂന്ന് ഗോളുകൾ നേടി. 54-ാം മിനിറ്റിലും 60-ാം മിനിറ്റിലുമായി ഹാരി കെയ്ൻ ഇരട്ട ഗോളുകൾ നേടി. 71-ാം മിനിറ്റിൽ ലൂയിസ് ഡിയാസ് കൂടി ലക്ഷ്യം കണ്ടതോടെ ബയേൺ 3-2ന് മുന്നിലെത്തി. 74 മിനിറ്റിൽ ഒലീസ് റെഡ് കാർഡ് വാങ്ങിയത് ബയേണിന് തിരിച്ചടിയായി. പത്ത് പേരായി ചുരങ്ങിയ ടീമിനെതിരെ വൈക്കിങ് ശക്തമായ ആക്രമണം അഴിച്ചുവിട്ടു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ 90-ാം മിനിറ്റിൽ ഹെർമാൻ ഹൗഗൻ ടീമിനായി നാടകീയമായ സമനില പിടിച്ചെടുക്കുകയായിരുന്നു.
മൂന്നിനെതിരെ നാല് ഗോളുകൾക്ക് (3-4) ഇന്ററിനെ അട്ടിമറിച്ചാണ് ക്ലബ് ബ്രൂഗ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. നികൊളോ ട്രെസോൾഡിയുടെ ഹാട്രിക്കാണ് ടീമിനെ വിജയം സമ്മാനിച്ചത്. ഇന്റർ മിലാനായി ലൗതാരോ മാർട്ടിനെസ് ഇരട്ട ഗോളുകൾ നേടി. മത്സരത്തിന്റെ 30-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നികൊളോ ട്രെസോൾഡി ക്ലബ് ബ്രൂഗിന് ലീഡ് നേടി കൊടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലൗതാരോ മാർട്ടിനെസ് (44) ഇന്ററിനായി സമനില ഗോൾ നേടി. എന്നാൽ രണ്ടാം പകുതിയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ട്രെസോൾഡി 63-ാം മിനിറ്റിലും 74-ാം മിനിറ്റിലും ഗോളുകൾ നേടി ഹാട്രിക് തികച്ചു. തുടർന്ന് 87-ാം മിനിറ്റിൽ വെർമാന്റ് കൂടി ലക്ഷ്യം കണ്ടതോടെ ബ്രൂഗിന്റെ വിജയം ഉറപ്പായി. മാർട്ടിനെസും (81), ബോണിയും (90+3') ഒരോ ഗോളും മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.








0 comments