ad
Deshabhimani

കൊച്ചിയിൽ ബ്രസീൽ x കേപ്‌ വെർദെ

brazil capvarde.jpg
avatar
അജിൻ ജി രാജ്‌

Published on Aug 21, 2026, 05:30 AM | 1 min read

കോഴിക്കോട്‌: ലോകം കാത്തിരിക്കുന്ന ഫുട്‌ബോൾ പോരാട്ടത്തിന്‌ കൊച്ചി വേദിയാകാൻ സാധ്യത. അഞ്ചുതവണ ലോകചാമ്പ്യൻമാരായ ബ്രസീലും കഴിഞ്ഞ ലോകകപ്പിൽ ആരാധകരുടെ ഹൃദയം കവർന്ന കേപ്‌ വെർദെയും തമ്മിലുള്ള മത്സരം കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്നേക്കും. ഒക്‌ടോബർ ആറിന്‌ മത്സരം നടത്താനുള്ള നീക്കത്തിലാണ്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌). അതിനായി സ്‌പോൺസർമാരെ തേടുന്നു. വേദി ഒരുക്കണമെന്നാവശ്യപ്പെട്ട്‌ എഐഎഫ്‌എഫ്‌ കേരള ഫുട്‌ബോൾ അസോസിയേഷന്‌ കത്തയച്ചിട്ടുണ്ട്‌. ഒക്‌ടോബർ മൂന്നിന്‌ കൊൽക്കത്തയിൽ ഇന്ത്യ–ബ്രസീൽ മത്സരമുണ്ട്‌. ഇതിന്‌ പിന്നാലെയാണ്‌ കൊച്ചിയിൽ മറ്റൊരു ത്രസിപ്പിക്കുന്ന മത്സരം അരങ്ങേറാനൊരുങ്ങുന്നത്‌.


ഇന്ത്യ–കേപ്‌ വെർദെ മത്സരം സംഘടിപ്പിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചത്‌. എന്നാൽ ഇതിനേക്കാൾ പോരാട്ടവീര്യം ബ്രസീൽ ഏറ്റുമുട്ടിയാൽ ഉണ്ടാകുമെന്ന ധാരണയിലാണ്‌ പുതിയ നീക്കം. ഒക്‌ടോബർ ഒന്നുമുതൽ ലാറ്റിനമേരിക്കൻ ടീം ഇന്ത്യയിലുണ്ട്‌. കേപ്‌ വെർദെയ്‌ക്ക്‌ സെപ്‌തംബർ 29ന്‌ റുവാണ്ടയുമായി ആഫ്രിക്കൻ കപ്പ്‌ യോഗ്യതാ മത്സരമുണ്ട്‌. പിന്നീടുള്ള ഫിഫ രാജ്യാന്തര ഇടവേളയിൽ മികച്ച എതിരാളിയുമായി മത്സരിക്കാൻ ആഫ്രിക്കൻ സംഘത്തിനും ആഗ്രഹമുണ്ട്‌. ഇ‍ൗ അവസരമാണ്‌ എഐഎഫ്‌എഫ്‌ ഉപയോഗിക്കുന്നത്‌. എന്നാൽ ഇരുടീമുകളെ എത്തിക്കാനും മറ്റുമുള്ള ചിലവുകൾ ഫെഡറേഷൻ ഏറ്റെടുക്കണം. കേപ്‌ വെർദെയെ കൂടാതെ ഉറുഗ്വായ്‌ക്കായും ശ്രമം നടത്തുന്നുണ്ട്‌.


കഴിഞ്ഞ മാസം അവസാനിച്ച ലോകകപ്പിൽ വിസ്‌മയിപ്പിക്കുന്ന പ്രകടനമായിരുന്നു ആഫ്രിക്കയിലെ കുഞ്ഞൻ രാജ്യമായ കേപ്‌ വെർദെ നടത്തിയത്‌. അരങ്ങേറ്റ പതിപ്പിൽ നോക്ക‍ൗട്ടിലെത്തി. റ‍ൗണ്ട്‌ ഓഫ്‌ 32ൽ അർജന്റീനയെ വിറപ്പിച്ചശേഷമായിരുന്നു കീഴടങ്ങൽ. ലോകചാമ്പ്യൻമാരായ സ്‌പെയ്‌നിനെ ആദ്യ കളിയിൽ ഗോളടിക്കാതെ തളച്ചു. ഉറുഗ്വായ്‌യുമായി 2–2നാണ്‌ പിരിഞ്ഞത്‌. സ‍ൗദിയോട്‌ 0–0. ലോകകപ്പ്‌ കളിക്കാനെത്തിയ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്‌. അഞ്ചര ലക്ഷമാണ്‌ ജനസംഖ്യ. നാൽപ്പതുകാരൻ ഗോൾകീപ്പർ വൊസീന്യ ഉൾപ്പെടുന്ന താരങ്ങളുമായാണ്‌ ടീം കൊച്ചിയിൽ എത്തുക. ബ്രസീലിനാകട്ടെ വിനീഷ്യസ്‌ ജൂനിയർ ഉൾപ്പെടുന്ന സൂപ്പർതാരനിരയുണ്ട്‌. അടുത്തയാഴ്‌ചയോടെ മത്സര കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home