print edition പണമൊഴുകും ബ്രസീൽകളി

പ്രദീപ് ഗോപാൽ
Published on Sep 30, 2026, 01:41 AM | 1 min read
കൊൽക്കത്ത : ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരത്തിനായിരിക്കും കൊൽക്കത്ത സാക്ഷ്യം വഹിക്കുക. ഒക്‌ടോബർ മൂന്നിന് ബ്രസീലുമായുള്ള സൗഹൃദപ്പോരിന് ഏകദേശം 50 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്. സന്ദർശന തുകയായി 35 മുതൽ 40 കോടി രൂപ വരെയാണ് ബ്രസീൽ ടീമിന് നൽകേണ്ടിവരിക. യാത്ര, താമസം എന്നിവ ഉൾപ്പെടെ ആകെ മത്സര ചെലവ് 50 കോടിയാകും. പാനമ, ഉറുഗ്വായ് മത്സരങ്ങളുടെ ചെലവ് കൂടി കണക്കാക്കിയാൽ ആകെ 80 മുതൽ 90 കോടി രൂപവരെ എത്തുമെന്നാണ് കണക്കുകൾ.
ടിക്കറ്റ് വിൽപ്പന, പരസ്യ വരുമാനം എന്നിവയിലൂടെ ഒരുപരിധിവരെ ചെലവ് തിരിച്ചുപിടിക്കാമെന്നാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെ-ഡറേഷന്റെ പ്രതീക്ഷ. മറ്റൊരു ലാറ്റിനമേരിക്കൻ ശക്തിയായ ഉറുഗ്വായ്‌യുമായി ആറിനാണ് മത്സരം. പങ്കെടുക്കുന്നതിനുള്ള പ്രതിഫലമായി ഉറുഗ്വായ്‌ക്ക് 12.5 കോടി രൂപയാണ് നൽകേണ്ടത്. ബംഗളൂരുവിൽ കളിച്ച് മടങ്ങിയ പാനമ ടീമിന് നൽകിയത് 5.5 കോടി രൂപ.
ബംഗളൂരു ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ 9039 കാണികളാണ് ഇന്ത്യ–പാനമ മത്സരം കാണാനെത്തിയത്. ടിക്കറ്റ് നിരക്ക് കാണികളെ ബാധിച്ചില്ലെന്നാണ് ഫെഡറേഷന്റെ വാദം. ആകെ 25000 ഇരിപ്പിടങ്ങളാണ് സ്‌റ്റേഡിയത്തിൽ. 499 മുതൽ 9999വരെയായിരുന്നു ടിക്കറ്റ് നിരക്ക്.









0 comments