print edition കണ്ടു, കീഴടക്കി ബ്രസീൽ

പ്രദീപ് ഗോപാൽ
Published on Oct 04, 2026, 01:30 AM | 1 min read
കൊൽക്കത്ത: സുന്ദര ഗോളുകളിൽ കൊൽക്കത്ത ബ്രസീലിനെ കണ്ടു. ഇന്ത്യൻ മണ്ണിൽ ആദ്യമായി പന്ത് തട്ടിയ കാനറികൾ നാല് ഗോൾ ജയവുമായി മടങ്ങി. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ സൗഹൃദ മത്സരത്തിൽ സാമുവൽ ലിനോ ഇരട്ടഗോൾ നേടി. എസ്‌തെവായോയും പെഡ്രോയും പട്ടിക പൂർത്തിയാക്കി. 27–ാം മിനിറ്റ്‌വരെ പൊരുതിനിന്ന ഇന്ത്യക്ക് പിഴവുകൾ വിനയായി. ആദ്യ രണ്ട് ഗോളിന് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവും കാരണമായി.
കാർലോ ആൻസെലോട്ടിയെന്ന വിഖ്യാത പരിശീലകന് കീഴിൽ പരിവർത്തന ഘട്ടത്തിലൂടെ നീങ്ങുന്ന ബ്രസീൽ നിര ആരാധകരെ നിരാശരാക്കിയില്ല. വിനീഷ്യസ് ഗോളടിക്കാതെ തിരിച്ചുകയറിയെങ്കിലും എസ്‌തെവായോ തകർപ്പൻ പ്രകടനത്തിലൂടെ താരമായി. ചെൽസിക്കായി കളിക്കുന്ന പത്തൊന്പതുകാരൻ ഒരു ഗോളടിക്കുകയും മറ്റൊന്നിന് അവസരമൊരുക്കുകയും ചെയ്‌തു.
പാനമയ്‌ക്കെതിരെ ഉശിരൻ പ്രകടനവുമായി 1–1ന്റെ സമനില പിടിച്ച ഖാലിദ് ജമീലിന്റെ ഇന്ത്യൻ നിരയ്‌ക്ക് ആ അച്ചടക്കം ബ്രസീലിനെതിരെ നിലനിർത്താനായില്ല. എങ്കിലും അഞ്ച് തവണ ലോക ജേതാക്കളായ, ലോക റാങ്കിങ്ങിൽ ആറാം സ്ഥാനക്കാരായ ബ്രസീലിനെതിരെ പൊരുതാൻ കഴിഞ്ഞതിൽ അഭിമാനിക്കാം. ചൊവ്വാഴ്‌ച ഇതേ വേദിയിൽ ഇന്ത്യ മുൻ ലോക ജേതാക്കൾ ഉറുഗ്വായ്‌യുമായി കളിക്കും.






0 comments