എൽ ക്ലാസികോയിൽ റയൽ തരിപ്പണം; ലാ ലിഗ കിരീടം ബാഴ്‌സ നിലനിർത്തി

നൗകാമ്പ്: സ്‌പാനിഷ് ഫുട്‌ബോൾ ലീഗിലെ എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയോട് തകർന്നടിഞ്ഞ് റയൽ മാഡ്രിഡ്. എതിരില്ലാത്ത രണ്ട് ഗോളിന് റയൽ മാഡ്രിഡിനെ വീഴ്ത്തിയ ബാഴ്സ തുടർച്ചയായ രണ്ടാംതവണയും ലാ ലിഗ കിരീടം ചൂടി. കളിയുടെ തുടക്കത്തിൽ തന്നെ മാർക്കസ് റാഷ്‌ഫോർഡ്, ഫെറാൻ ടോറസ് എന്നിവർ നേടിയ ഗോളാണ് ബാഴ്സയ്ക്ക് കരുത്തായത്.
ആഭ്യന്തര കലഹത്തിൽ തർന്നിരിക്കുന്ന റയലിന് തോൽവി കനത്ത തിരിച്ചടിയായി. പരിശീലനത്തിനിടെ ഫെഡെറികോ വാൽവെർദെയും ഒർലെയ്‌ൻ ചൗമെനിയും തമ്മിൽ കൈയാങ്കളിയുണ്ടായതും സൂപ്പർതാരം കിലിയൻ എംബാപ്പെയെ ടീമിൽനിന്ന് ഒഴിവാക്കാൻ ആരാധകർ നടത്തുന്ന പ്രതിഷേധവും ടീമിന് തലവേദനയായി തുടരുകയാണ്.
പരിശീലനത്തിനിടെ തമ്മിൽതല്ലി നാണക്കേടുണ്ടാക്കിയ വാൽവെർദെയ്‌ക്കും ചൗമെനിക്കും റയൽ പിഴ ചുമത്തിയിരുന്നു. കളിക്കാർ തമ്മിൽ കലഹമുണ്ടെന്നും പരിശീലകനുമായി താരങ്ങൾ മിണ്ടാറില്ലെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. സാബി അലോൺസോയെ പുറത്താക്കിയശേഷം പകരക്കാരനായെത്തിയ അർബിയോളയ്‌ക്കും ടീമിനെ ഉയർത്താനായിട്ടില്ല. രണ്ട് സീസണായി മൂന്ന് പരിശീലകരെയാണ് റയൽ പരീക്ഷിച്ചത്. ഒറ്റ കിരീടവും നേടാനായിട്ടില്ല.











0 comments