ad
Deshabhimani

ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യത ; ഇന്ത്യ ഒരുങ്ങുന്നു

asian cup

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 23, 2026, 02:39 AM | 1 min read

കോഴിക്കോട്‌ : ഹോങ്കോങ്ങിനെതിരായ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിനായുള്ള തയ്യാറെടുപ്പ്‌ ഇന്ത്യ തുടങ്ങുന്നു. പരിശീലന ക്യാമ്പിന്‌ ഇന്ന്‌ കൊച്ചിയിൽ തുടക്കമാകും. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തൃപ്പൂണിത്തുറയിലെ ശ്രീനാരായണ വിദ്യാപീഠം പബ്ലിക്‌ സ്‌കൂളിലെ പരിശീലന ഗ്ര‍ൗണ്ടിലാണ്‌ ഇന്ത്യയുടെ ക്യാമ്പ്‌. കോച്ച്‌ ഖാലിദ്‌ ജമീലിന്റെ നേതൃത്വത്തിൽ സാധ്യതാ ടീം ഒരുക്കം തുടങ്ങും.


മലയാളി താരങ്ങളായ സഹൽ അബ്‌ദുൾ സമദ്‌, മുഹമ്മദ്‌ ഉവൈസ്‌, ബിജോയ്‌ വർഗീസ്‌ തുടങ്ങിയവർ പ്രാഥമിക സംഘത്തിലുണ്ട്‌. അന്തിമ ടീമിനെ പിന്നീട്‌ പ്രഖ്യാപിക്കും. 31ന്‌ കലൂരിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ്‌ ഇന്ത്യ–ഹോങ്കോങ്‌ പോരാട്ടം. പത്ത്‌ വർഷത്തിനുശേഷമാണ്‌ കൊച്ചിയിൽ ഇന്ത്യ കളിക്കുന്നത്‌. 2016 മാർച്ചിൽ തുർക്ക്‌മെനിസ്ഥാനെതിരെ ലോകകപ്പ്‌ യോഗ്യതയായിരുന്നു അവസാനത്തേത്‌.


പതിറ്റാണ്ടിനുശേഷമുള്ള ദേശീയ ടീമിന്റെ മത്സരം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കേരള ഫുട്‌ബോൾ അസോസിയേഷൻ. ‘ടിക്കറ്റ്‌ജീനി’ ഓൺലൈൻ ആപ്പ്‌ വഴിയാണ്‌ ടിക്കറ്റ്‌ വിൽപ്പന. നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും. ഇന്നോ നാളെയോ വിൽപ്പനയും ആരംഭിക്കും. 27നാണ്‌ ഹോങ്കോങ്‌ ടീം കൊച്ചിയിൽ എത്തുക. പനമ്പള്ളി നഗർ ഗ്ര‍ൗണ്ടിലാണ്‌ പരിശീലനം ഒരുക്കിയിരിക്കുന്നത്‌. ക്ര‍ൗൺ പ്ലാസ, ഹോളിഡേ ഇൻ ഹോട്ടലുകളിലാണ്‌ ടീമുകളുടെ താമസം. ഏഷ്യൻ കപ്പിന്‌ യോഗ്യത കാണാതെ നേരത്തെ പുറത്തായ ഇന്ത്യ പുതുനിരയെ വാർത്തെടുക്കാനുള്ള അവസരമായാണ്‌ കാണുന്നത്‌. പുതുമുഖങ്ങൾ ടീമിൽ ഇടംപിടിക്കുമെന്നാണ്‌ സ‍ൂചനകൾ.


അണ്ടർ 23 ടീമിൽ 
മൂന്ന്‌ മലയാളികൾ


ത്രിരാഷ്‌ട സ‍ൗഹൃദ ഫുട്‌ബോൾ ടൂർണമെന്റിനുള്ള ഇന്ത്യയുടെ അണ്ടർ 23 ടീമിൽ മൂന്ന്‌ മലയാളികൾ. കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ കളിക്കുന്ന മുഹമ്മദ്‌ അജ്‌സൽ, എബിൻ യേശുദാസൻ, ജംഷഡ്‌പുർ എഫ്‌സിയുടെ കെ മുഹമ്മദ്‌ സനാൻ എന്നിവരാണ്‌ 24 അംഗ ടീമിലെത്തിയത്‌. ന‍ൗഷാദ്‌ മൂസയാണ്‌ കോച്ച്‌. 28ന്‌ ഭൂട്ടാനെയും 31ന്‌ തജികിസ്ഥാനെയും നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home