ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ട് എഎസ് റോമ; സീരി എ-യിൽ ആവേശപ്പോരാട്ടം

ടീം എഎസ് റോമ (Photo Credit JD Sports)
റോം : നീണ്ട എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമ. ലീഗിൽ ഇനി മൂന്ന് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ, നാലാം സ്ഥാനത്തുള്ള യുവന്റസുമായി കേവലം ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് റോമയ്ക്കുള്ളത്. ഇതോടെ ഇറ്റാലിയൻ ലീഗിലെ ആദ്യ നാല് സ്ഥാനക്കാർക്കുള്ള പോരാട്ടം ആവേശകരമാകുന്നു. സീസണിന്റെ തുടക്കത്തിൽ തിരിച്ചടികൾ നേരിട്ടെങ്കിലും പരിശീലകൻ ജിയാൻ പിയറോ ഗ്യാസ്പെരിനിയുടെ കീഴിൽ ടീം ശക്തമായി തിരിച്ചുവന്നു.
കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് നേടിയതാണ് റോമയുടെ സാധ്യതകൾ വർധിപ്പിച്ചത്. ക്ലബ് ഉപദേശകനായിരുന്ന ക്ലോഡിയോ റാനിയേരിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ ഗ്യാസ്പെരിനിയെ പരിശീലക സ്ഥാനത്ത് നിലനിർത്താൻ ക്ലബ് ഉടമകളായ ഫ്രീഡ്‌കിൻ ഫാമിലി തീരുമാനിക്കുകയായിരുന്നു. ജനുവരിയിൽ ആസ്റ്റൺ വില്ലയിൽ നിന്ന് ലോണിൽ എത്തിയ നെതർലൻഡ്‌സ് സ്ട്രൈക്കർ ഡോണിയൽ മാലന്റെ പ്രകടനമാണ് റോമയുടെ കുതിപ്പിൽ നിർണായകമായത്.
ഇതിനോടകം 12 ഗോളുകൾ മാലൻ നേടി. മറുഭാഗത്ത് എസി മിലാന്റെ മോശം ഫോമും ലൂക്ക മോഡ്രിച്ചിന്റെ പരിരിക്കും റോമയ്ക്ക് ഗുണകരമാകും. ഞായറാഴ്ച പാർമയുമായാണ് റോമയുടെ അടുത്ത മത്സരം. തുടർന്ന് ലാസിയോയുമായുള്ള റോം ഡെർബിയും വെറോണയുമായുള്ള മത്സരവുമാണ് റോമയ്ക്ക് മുന്നിലുള്ളത്. ഈ മത്സരങ്ങളിൽ മികച്ച വിജയം നേടാനായാൽ 2018ന് ശേഷം ആദ്യമായി റോമയ്ക്ക് യൂറോപ്പിലെ വമ്പൻമാരുടെ പോരാട്ടമായ ചാമ്പ്യൻസ് ലീഗിൽ പന്തുതട്ടാം.











0 comments