print edition ഉയിർക്കാൻ പുതിയ ഇന്ത്യ

ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലനത്തില്‍ | ഫോട്ടോ: ശരത് കല്‍പ്പാത്തി

അജിൻ ജി രാജ്
Published on Sep 25, 2026, 01:30 AM | 1 min read
ബംഗളൂരു: ശ്രീകണ്ഠീരവയിലെ നീലാകാശം തെളിഞ്ഞുനിൽക്കുകയാണ്. പുതുയുഗത്തിന് കാത്തിരിക്കുന്നത് പോലെ. ഇന്ത്യൻ ഫുട്‌ബോളിന്റെ നാൾവഴികളിൽ ഇതുവരെ കാണാത്ത ചരിത്ര പോരാട്ടങ്ങൾക്ക് ഇന്ന് ഇവിടെ തുടക്കമാവുന്നു. ലോക റാങ്കിങ്ങിൽ 44–ാം സ്ഥാനക്കാരായ പാനമയുമായുള്ള സൗഹൃദ മത്സരത്തിന് ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയം വേദിയാകും. രാത്രി 7.30 ന് കിക്കോഫ്. ഒക്‌ടോബർ മൂന്നിന് ബ്രസീലുമായും ആറിന് ഉറുഗ്വായ്‌യുമായും ഇന്ത്യക്ക് കളിയുണ്ട്.
ലോകകപ്പ് കളിച്ചുവരുന്ന പാനമയ്‌ക്ക് ഇന്ത്യൻ സന്ദർശനം അവധിക്കാല ആഘോഷം പോലെയാണ്. 138–ാം റാങ്കിലുള്ള ഇന്ത്യയെ തികഞ്ഞ എതിരാളിയായി അവർ കാണുന്നില്ല. എന്നാൽ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് കേവലമായ സൗഹൃദ പോരല്ല ഇന്നത്തേത്. ‘നാളെക്ക് വേണ്ടിയുള്ള പോരാട്ടത്തിന് തുടക്കമാകുന്നു’ എന്നാണ് പരിശീലകൻ ഖാലിദ് ജമീൽ പറഞ്ഞത്.
ഒത്തിരി പ്രതീക്ഷകളും ആത്മവിശ്വാസവുമായാണ് ഇന്ത്യയുടെ വരവ്. സമീപ കാലത്തൊന്നും ഇത്ര മികച്ച എതിരാളികളെ നേരിടേണ്ടി വന്നിട്ടില്ല. ഇതൊരു അവസരമായാണ് ടീം കാണുന്നത്. പരിചയസമ്പന്നരായ സന്ദേശ് ജിങ്കൻ, രാഹുൽ ബെക്കെ തുടങ്ങിയവരെ ഒഴിവാക്കി യുവനിരയ്‌ക്ക് പ്രാധാന്യം നൽകി. 24–26 വയസ്സാണ് ടീമിന്റെ ശരാശരി പ്രായം. മുപ്പത് കഴിഞ്ഞ മൂന്ന് പേർ മാത്രമാണ് 26 അംഗ സംഘത്തിൽ. ഗോൾകീപ്പറും ക്യാപ്‌റ്റനുമായ ഗുർപ്രീത്‌സിങ് സന്ധുവാണ് മുതിർന്ന താരം. പാനമയ്‌ക്കെതിരെ സന്ധുവിന്റെ പ്രകടനം നിർണായകമാകും. മുന്നേറ്റത്തിൽ റയാൻ വില്യംസിന്റെ ബൂട്ടുകളിലും പ്രത്യാശയുണ്ട്.
അനിരുത്ഥ് ഥാപ്പ, മൻവീർ സിങ് എന്നിവരും ആദ്യ പതിനൊന്നിലുണ്ടാകും. മലയാളി താരങ്ങളായ ബിജോയ് വർഗീസ്, സഹൽ അബ്‌ദുൾ സമദ്, ആഷിഖ് കുരുണിയൻ, മുഹമ്മദ് സനാൻ എന്നിവർ അവസരത്തിനായി കാത്തിരിപ്പുണ്ട്. 2018ലും ഇൗ വർഷവും ലോകകപ്പ് കളിച്ച മദ്ധ്യ അമേരിക്കൻ രാജ്യമായ പാനമ സ്‌പാനിഷ് കോച്ച് തോമസ് ക്രിസ്റ്റ്യൻസെന് കീഴിലാണ് എത്തുന്നത്. ലോകകപ്പിലെ 14 താരങ്ങളെ ഒഴിവാക്കി. അഞ്ച് പുതുമുഖങ്ങളുണ്ട്. യുവതാരങ്ങൾക്ക് അവസരം നൽകുക എന്നതാണ് ലക്ഷ്യം. രണ്ടുദിവസം മാത്രമാണ് ടീം പരിശീലനം നടത്തിയത്. യൂറോപ്പിലും ലാറ്റിനമേരിക്കയിലും കളിക്കുന്ന മികച്ച കളിക്കാരുണ്ട് സംഘത്തിൽ. അമീർ മുറിലോ, ഹൊസെ റോഡ്രിഗസ്, ആന്ദ്രെസ് ആൻഡ്രാഡെ എന്നിവരാണ് പ്രധാന താരങ്ങൾ.









0 comments