print edition തുടക്കം, ആത്മവിശ്വാസം

ഇന്റർ കാശിക്കതിരായ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ വിബിൻ മോഹനന്റെ (ഇടത്ത്) മുന്നേറ്റം Photo: facebook
കോഴിക്കോട്: പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഒരുങ്ങാൻ ലഭിച്ചത്. ഐഎസ്എൽ ഫുട്ബോൾ പുതിയ സീസണിലെ ആദ്യ കളിയിൽ ഇന്റർ കാശിക്കെതിരെ ഇറങ്ങിയപ്പോൾ അതിന്റെ പോരായ്മ തെളിഞ്ഞു കണ്ടു. എങ്കിലും ഒരു സീസൺ ജയത്തോടെ തുടങ്ങാനായി എന്നത് ആഷ്ലി വെസ്റ്റ്വുഡിന് ആത്മവിശ്വാസം നൽകും. രണ്ട് ഗോളിനായിരുന്നു ജയം. പ്രതിരോധ മികവാണ് ആദ്യ കളി കഴിയുമ്പോൾ ബ്ലാസ്റ്റേഴ്സിൽ തെളിഞ്ഞു കണ്ടത്.
മധ്യനിരയിലെ മലയാളി താരം വിബിൻ മോഹനനാണ് പുതിയ സീസണിലെ ആദ്യ പോരിൽ ബ്ലാസ്റ്റേഴ്സിനെ നയിച്ചത്. ഒന്നാന്തരം ഗോളുമായി വിബിൻ കളത്തിൽ ടീമിന്റെ ഊർജവുമായി. വിദേശ താരങ്ങളിൽ പ്രതിരോധക്കാരൻ ജയിംസ് ബോൾട്ടൺ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കളിഗതി കൃത്യമായി മനസ്സിലാക്കാൻ ഇംഗ്ലീഷുകാരന് കഴിഞ്ഞു. പ്രതിരോധത്തിനു കെട്ടുറപ്പ് നൽകി.അതേസമയം, മുന്നേറ്റത്തിലേക്കും സഹായം നൽകി. ഇരുവശങ്ങളിലേക്കും പന്തൊഴുക്കി.
ഇന്റർ കാശിക്കെതിരെ ബ്ലാസ്റ്റേഴ്സ് നിരയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയതും മുപ്പത്തിരണ്ടുകാരനാണ്. വരും മത്സരങ്ങളിൽ ബോൾട്ടന്റെ പ്രകടനം ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ നിർണായകമാകുക. പക്ഷേ, മധ്യനിരയിൽ നെബോയ്സ കൊസോവിച്ചിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. പ്രതിരോധ നിരയുമായി കണ്ണിചേരാൻ മോണ്ടിനെഗ്രോ താരത്തിനു കഴിഞ്ഞില്ല. എങ്കിലും വരും നാളുകളിൽ നെബോയ്സ കളം പിടിക്കുമെന്നാണ് പ്രതീക്ഷ.
കളത്തിൽ ഏറെ നിരാശപ്പെടുത്തിയത് മുന്നേറ്റക്കാരൻ ആന്ദ്രേ ഗ്രീൻ എന്ന ഇംഗ്ലീഷുകാരനാണ്. ഒരു ഗോൾ നേടാനായെങ്കിലും പ്രകടനം പ്രതീക്ഷ നൽകുന്നതായിരുന്നില്ല. ഒരു പ്രതിരോധക്കാരനെ പോലും മറികടക്കാൻ ഗ്രീനിനു കഴിഞ്ഞില്ല. ഒടുവിൽ പകരക്കാരനായി എത്തിയ മുഹമ്മദ് സനാന്റെ ത്രൂ ബോൾ പിടിച്ചെടുത്താണ് ഗ്രീൻ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സിന് മുന്നേറണമെങ്കിൽ ഗ്രീനിന്റെ ബൂട്ടുകൾ ശബ്ദിച്ചാലേ മതിയാകൂ. ഗിനി താരം മോമോ യാൻസനെ പകരക്കരനായാണ് കളത്തിലെത്തിയത്. കളിച്ച സമയം മുഴുവൻ ഇന്റർ കാശി ഗോൾമുഖത്തു അപകടം സൃഷ്ടിക്കാൻ യാൻസനെയ്ക്ക് കഴിഞ്ഞു.
ശാരീരിക മികവും വരും മത്സരങ്ങളിൽ മുതൽ കൂട്ടാകും. ഇന്ത്യൻ യുവ താരങ്ങൾ മികവ് കാട്ടി. പ്രതിരോധത്തിൽ സുമിത് ശർമയും ഐബൻബ ദോഹ്ലിങ്ങും ബോൾട്ടണ് മികച്ച കൂട്ടായിരിക്കും. ഗോൾകീപ്പർ അർഷ് ഷെയ്ഖ് രണ്ടാം പകുതിയിൽ ഇന്റർ കാശിയുടെ ശ്രമങ്ങളെ കൃത്യമായി തടഞ്ഞു. ഇന്റർ കാശി അപകടകരമായി ബോക്സിൽ കയറുമ്പോഴൊക്കെ അർഷ് രക്ഷകനായി. മധ്യനിരയെ കണ്ണിചേർത്തത് ഫ്രഡി ലല്ലാംവ്മയാണ്. മധ്യനിരയുടെ നായകനായി ഫ്രഡി. പരിക്കേറ്റ അഡ്രിയാൻ ലൂണ, അഡ്രിയാൻ ലൂണ, പ്രതിരോധക്കാരൻ ഫാലൂ എൻഡിയായെ, അമരീന്ദർ സിങ്, സഹീൽ ടവോറ തുടങ്ങിയവർ ടീമിലുണ്ടായില്ല. ഇൗ പരിചയസമ്പന്നർ കൂടിചേർന്നാൽ ടീം കരുത്തരാകും. 18ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയുമായാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. ഗുവാഹത്തിയിലാണ് മത്സരം.








0 comments