ad
Deshabhimani

വിരമിക്കൽ നാല്പത്തിമൂന്നിൽ, തിരിച്ചുവരവ് എഴുപതിൽ; വിസ്മയിപ്പിച്ച് എയ്ഞ്ചൽ മാറ്റിയോസ് ഗോൺസാലസ്

angel mateos gonzalez

Photo Credit: Social Media

വെബ് ഡെസ്ക്

Published on Apr 30, 2026, 05:52 PM | 1 min read

മാഡ്രിഡ്: എഴുപതാം വയസ്സിലും ഗോൾപോസ്റ്റിന് മുന്നിൽ കരുത്തുറ്റ കൈകളുമായി എയ്ഞ്ചൽ മാറ്റിയോസ് ഗോൺസാലസ് ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്നു. സ്പാനിഷ് ഫുട്ബോളിന്റെ അഞ്ചാം ഡിവിഷനിൽ സിഡി കൊളുംഗയ്ക്കായി ഞായറാഴ്ച ഗ്ലൗസണിയുന്നതോടെ, സ്പെയിനിലെ ഒരു ഔദ്യോഗിക മത്സരത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടം ഇദ്ദേഹത്തിന് സ്വന്തമാകും.


ഖനിത്തൊഴിലാളിയായിരുന്ന മാറ്റിയോസ് 43-ാം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചതായിരുന്നു. എന്നാൽ ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും അർപ്പണബോധവും കണക്കിലെടുത്ത് ക്ലബ്ബ് നൽകുന്ന 'ആദരവ്' കൂടിയാണ് ഈ മത്സരം.


"ഇതൊരു റെക്കോർഡിന് വേണ്ടിയുള്ള ശ്രമമല്ല, മറിച്ച് അദ്ദേഹത്തിന്റെ മൂല്യങ്ങൾക്കുള്ള അംഗീകാരമാണ്. കളിമണ്ണിനെ പ്രണയിച്ച, കഠിനാധ്വാനം ജീവിതചര്യയാക്കിയ ഒരു മനുഷ്യന്റെ പോരാട്ടവീര്യത്തിനുള്ള ആദരവാണിത്," കൊളുംഗ ക്ലബ്ബ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.


ഈ സീസണിൽ ക്ലബ്ബിലെ യുവ ഗോൾകീപ്പർമാരെ പരിശീലിപ്പിക്കുന്നതിലും സഹായിക്കുന്നതിലും മാറ്റിയോസ് സജീവമായിരുന്നു. മത്സരത്തിൽ മുഴുവൻ സമയം കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും താൻ പൂർണ്ണ സജ്ജനാണെന്ന് മാറ്റിയോസ് പറയുന്നു.


"എനിക്ക് ഇപ്പോഴും ശാരീരികക്ഷമതയുണ്ടെന്ന് തോന്നുന്നു. ഖനിത്തൊഴിലാളികളുടെ ടീമിലും വെറ്ററൻസ് ടീമുകളിലുമായി ഞാൻ ഇപ്പോഴും കളി തുടരുന്നുണ്ട്," മാറ്റിയോസ് പ്രാദേശിക പത്രത്തോട് പറഞ്ഞു.


പഴയകാലത്തെ ഫുട്ബോൾ ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. "ഞാൻ കളി തുടങ്ങിയ കാലത്ത് ഫുട്ബോൾ ഇന്നത്തേതിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു. മൈതാനങ്ങളിൽ ചെളി നിറഞ്ഞാൽ റെഫറി കാണാതെ ഗോൾപോസ്റ്റിന് സമീപം കരുതിയിരുന്ന പാത്രം കൊണ്ട് വെള്ളം കോരിക്കളയേണ്ടി വരുമായിരുന്നു," അദ്ദേഹം ഓർത്തെടുത്തു.


ലീഗിൽ പത്താം സ്ഥാനത്തുള്ള കൊളുംഗയ്ക്ക് ഈ മത്സരഫലം കാര്യമായ മാറ്റങ്ങളുണ്ടാക്കില്ലെങ്കിലും, മാറ്റിയോസിന്റെ ഈ തിരിച്ചുവരവ് ഫുട്ബോൾ ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home